സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി; സർക്കാരിനെതിരായ വികാരം കനത്ത തോല്‍വിക്ക് കാരണമായെന്ന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമർശനം

Jaihind Webdesk
Wednesday, June 12, 2024

 

ആലപ്പുഴയില്‍ സിപിഎം വോട്ട് ബിജെപിയിലേക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും പാർട്ടിക്ക് ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായെന്നും നാസർ പറഞ്ഞു. അമ്പലപ്പുഴയിലടക്കം വോട്ട് ബിജെപിയിലേക്ക് പോയി. ന്യൂനപക്ഷ വോട്ടുകളും നഷ്ടമായെന്നും തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ എറണാകുളം ജില്ലാ കമ്മിറ്റികളിലും സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർന്നു. സർക്കാരിനെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമർശനമുയർന്നു. ക്ഷേമ പെൻപെൻഷൻ മുടങ്ങിയത് തോൽവിക്ക് കാരണമായെന്നും വിലയിരുത്തലുണ്ടായി.