കൊവിഡ് മരണ കണക്ക് ; ആലപ്പുഴയില്‍ 284 മരണങ്ങള്‍ കൂട്ടിച്ചേർത്തു

Jaihind Webdesk
Tuesday, July 13, 2021


ആലപ്പുഴ: കൊവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങള്‍ക്കിടെ ആലപ്പുഴയിലെ കൊവിഡ് മരണനിരക്കില്‍ തിരുത്തുമായി സര്‍ക്കാര്‍. 284 മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുത്ത്. ഇതോടെ പുതുക്കിയ പട്ടികപ്രകാരം ആലപ്പുഴയിലെ ആകെ കൊവിഡ് മരണം 1361 ആയി. നേരത്തെ 1077 മരണങ്ങളാണ് ആലപ്പുഴ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കെടുക്കാനുള്ള ആരോഗ്യവകുപ്പ് തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ കണക്കിലും തിരുത്തല്‍ വരുത്തിയത്. പുതിയ കണക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഇത് സംസ്ഥാന ആരോഗ്യവകുപ്പ് കൂടി അംഗീകരിക്കണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കൊവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കെടുക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

മാരകരോഗം ബാധിച്ച് മരിച്ചവര്‍, ആത്മഹത്യ ചെയ്തവര്‍, വാഹനാപകടത്തില്‍ മരിച്ചവര്‍ എന്നിവരുള്‍പ്പടെ 204 മരണങ്ങള്‍ ജില്ലാ അധികൃതര്‍ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം ഇത് അംഗീകരിച്ചിരുന്നില്ല. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് തേടിയത്. ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെക്കാള്‍ കൂടുതലാണിത്.