K C Venugopal M P| ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്:ലോകബാങ്കിന്റെ പണം ദുരുപയോഗിച്ചു നടത്തിയ ധൂര്‍ത്തും അഴിമതിയുമെന്ന് കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Sunday, October 5, 2025

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി. റോഡ്) റോഡ് നിര്‍മ്മാണത്തില്‍ വലിയ അഴിമതിയും ധൂര്‍ത്തുമാണ് നടന്നതെന്നും, ഇത് ലോകബാങ്കിന്റെ പണം ദുരുപയോഗിച്ചുള്ള നിര്‍മ്മാണമാണെന്നും കെ.സി. വേണുഗോപാല്‍ എം.പി. ആലപ്പുഴയില്‍ യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘621 കോടി രൂപയ്ക്ക് തുടങ്ങിയ ഈ പദ്ധതി കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍ മഴ വന്നപ്പോള്‍ റോഡില്‍ ഇപ്പോഴും വെള്ളക്കെട്ടാണ്. ഒരു കിലോമീറ്റര്‍ നിര്‍മ്മാണത്തിനായി 37 കോടി രൂപ ചെലവഴിച്ചു. ‘റീബില്‍ഡ് കേരള’ പദ്ധതിയില്‍ നടന്നത് പണം കൊള്ള മാത്രമാണ്. അഞ്ചു വര്‍ഷമായിട്ടും ഫലം കണ്ടില്ല,’ കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മ്മാണം നടത്തുന്ന ഈ പദ്ധതിയിലെ ഫണ്ട് വിനിയോഗം അടിമുടി ദുരൂഹമാണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കലിന് നല്‍കിയ എല്ലാ നിര്‍മ്മാണ കരാറുകളും സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറാകണമെന്നും എം.പി. ആവശ്യപ്പെട്ടു.

ദേശീയപാതയായി പ്രഖ്യാപിച്ച എ.സി. റോഡിന്റെ നവീകരണത്തിനായി ആദ്യം കണക്കാക്കിയ അടങ്കല്‍ തുക 209 കോടി രൂപയോളം ഉയര്‍ത്തി 880.72 കോടി രൂപയായി വര്‍ദ്ധിപ്പിച്ചത് മാത്രമാണ് സംഭവിച്ചത്. അധികമായി പണം നല്‍കിയിട്ടും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ‘മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കല്‍,’ അദ്ദേഹം പരിഹസിച്ചു. കമ്മീഷന്‍ അടിച്ചു മാറ്റാനായി പല റോഡുകളും ഒരേ സമയം പണി തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തിലും കെ.സി. വേണുഗോപാല്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. ‘ശബരിമലയില്‍ സ്വര്‍ണ്ണം ചെമ്പായി മാറുന്ന മായികവിദ്യ പിണറായി ഭരണത്തില്‍ മാത്രമേ ഉണ്ടാകൂ. 2000-ല്‍ സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണപ്പാളി ചെമ്പായിരുന്നു എന്ന സി.പി.എം. പ്രചാരണം തെറ്റാണ്. ദേവസ്വം റെക്കോര്‍ഡുകള്‍ അനുസരിച്ച് അത് സ്വര്‍ണ്ണ പൂശിയ ശില്‍പ്പം തന്നെയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണപ്പാളിയിലെ നാലു കിലോ സ്വര്‍ണ്ണം കുറവു വന്നതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ ചാര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ശബരിമലയിലെ സ്വത്ത് കൈകാര്യം ചെയ്യുന്നത്. യുവതി പ്രവേശന വിഷയത്തില്‍ ധൃതിയില്‍ പ്രതികരിച്ച മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയെയും അയ്യപ്പനെയും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. മോഷ്ടിച്ച മുതല്‍ സംരക്ഷിക്കാന്‍ കവചം ഒരുക്കാനാണ് ‘അയ്യപ്പ സംഗമം’ നടത്തിയത്. രണ്ടാമതൊരു അവസരം ലഭിച്ചപ്പോള്‍ സ്വര്‍ണ്ണപ്പാളിയാണ് നഷ്ടമായതെങ്കില്‍, ഇനിയും ആവര്‍ത്തിച്ചാല്‍ അയ്യപ്പന്‍ സ്വാമി തന്നെ ഉണ്ടാകുമോയെന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. വിശ്വാസികളല്ലാത്തവര്‍ ദേവസ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിശ്വാസികളുടെ മനസ്സ് നോവിക്കില്ല എന്ന് ഉറപ്പുവരുത്താനുള്ള മര്യാദ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.