കെ.സി വേണുഗോപാല്‍ എം.പിയെ ക്ഷണിക്കാത്തത് കുറ്റകരമായ വിവേചനം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, January 28, 2021

 

തിരുവനന്തപുരം : ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്ഘാടന ചടങ്ങിന് കെ.സി വേണുഗോപാല്‍ എം.പിയെ ക്ഷണിക്കാതിരുന്നത് കുറ്റകരമായ വീഴ്ചയും വിവേചനവുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആലപ്പുഴയെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ ബൈപ്പാസ് എന്ന ആശയം മുന്‍ ലോക്‌സഭാ എം.പിയും നിലവില്‍ രാജ്യസഭാ എം.പിയുമായ കെ.സി വേണുഗോപാലിന്‍റേതാണ്. യു.പി.എ ഒന്നും രണ്ടും സര്‍ക്കാരുകളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് അത് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്. കേരളത്തില്‍ ഇന്നു കാണുന്ന എല്ലാ വികസനവും കോണ്‍ഗ്രസും യു.ഡി.എഫും ഭരിച്ചപ്പോഴുണ്ടായ മികച്ച നേട്ടങ്ങള്‍ മാത്രമാണ്. സി.പി.എമ്മിന് ഒന്നും അവകാശപ്പെടാനില്ല.

എട്ടുകാലി മമ്മൂഞ്ഞുകളെപ്പോലെ യു.ഡി.എഫ് സര്‍ക്കാരിന്‍റെ വികസനനേട്ടങ്ങള്‍ സ്വന്തമാക്കാനാണ് സി.പി.എം ശ്രമം. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക മാത്രമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കൊച്ചി മെട്രോ,കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ അതിന് ഉദാഹരണം. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന ഈ രാഷ്ട്രീയം കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.