ആലപ്പുഴ: ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റിയില്‍ ഊമക്കത്ത് വിവാദത്തെ തുടര്‍ന്ന് രൂക്ഷമായ വിഭാഗീയത. ജില്ലാ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഊമക്കത്തിന് പിന്നില്‍ മണ്ഡലം ഭാരവാഹിയായ വനിതാ നേതാവാണെന്ന ആരോപണമുയര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.
ആരോപണങ്ങളെ തുടര്‍ന്ന് ജില്ലാ നേതൃത്വം മണ്ഡലം ഭാരവാഹിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മണ്ഡലം ഭാരവാഹിയെ അനുകൂലിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ജില്ലാ പ്രസിഡന്റിനെ തടഞ്ഞുവെച്ചെന്നും ആരോപണമുണ്ട്. നേരത്തെയും ഇതേ മണ്ഡലം ഭാരവാഹിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു യുവ നേതാവ് കമ്മിറ്റി ഓഫീസില്‍ പ്രതിഷേധിച്ചിരുന്നു.
ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റിയിലെ രൂക്ഷമായ വിഭാഗീയതയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ പറയുന്നു. വി മുരളീധരന്‍ പക്ഷക്കാരനായ ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് ഇവരുടെ പ്രധാന പരാതി.
ഭാരവാഹികളെ നിശ്ചയിച്ചതില്‍ പി കൃഷ്ണദാസ് വിഭാഗത്തെയും, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷത്തെയും പൂര്‍ണ്ണമായി അവഗണിച്ചെന്നും ആരോപണമുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് ആലപ്പുഴയില്‍ വേണം എന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചപ്പോള്‍, ജില്ലാ പ്രസിഡന്റ് അതിനെ പരസ്യമായി തള്ളിയത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. ഈ ആഭ്യന്തര ഭിന്നതകളും ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമായതായാണ് സൂചന.