സിപിഎമ്മിന്‍റെ നയവ്യതിയാനങ്ങളിൽ പ്രതിഷേധം ; അലന്‍റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ത്ഥി

Jaihind News Bureau
Sunday, November 15, 2020

 

കോഴിക്കോട് : സിപിഎമ്മിന്‍റെ നയവ്യതിയാനങ്ങളിൽ പ്രതിഷേധിച്ച് പന്തിരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്‍റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. കോഴിക്കോട് നഗരസഭ 61 ആം വാർഡിലാണ് ഷുഹൈബ് മത്സരിക്കുക. നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ഷുഹൈബ്.

കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലാണ് മുഹമ്മദ് ഷുഹൈബ് മത്സരിക്കുന്നത്. സിപിഎമ്മിന്‍റെ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ചാണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ഷുഹൈബ് പറഞ്ഞു. സിപിഎം കോഴിക്കോട് കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അലന്‍ ഷുഹൈബ്. അലന്‍റെ അമ്മ സബിതയും സിപിഎം പ്രവര്‍ത്തകയായിരുന്നു.

അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്തതും യുഎപിഎ ചുമത്തി ജയിലിലാക്കിയതിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളും വലിയ പ്രതിഷേധവുമുയര്‍ന്നിരുന്നു. ഇതിനിടെ ഇരുവരെയും അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തന്നെ ചേരിതിരിവ് ശക്തമായിരുന്നു. അലനെയും താഹയെയും അനുകൂലിച്ച് ജില്ലാ കമ്മിറ്റി രംഗത്തെത്തിയപ്പോൾ അതിനെ പാടെ തള്ളിക്കളയുന്ന നിലപാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.