കനേഡിയന്‍ പൗരനായ അക്ഷയ്കുമാര്‍ ഐ.എന്‍.എസ് സുമിത്രയില്‍; രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ മോദിയുടെ നടപടിക്കെതിരെ ദിവ്യസ്പന്ദന

Jaihind Webdesk
Friday, May 10, 2019

തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് നുണപ്രസംഗം തുടരുന്ന മോദിയുടെ മറ്റൊരു നുണയായിരുന്നു നാവികസേനയുടെ യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നത്. ഇതിനെ എതിര്‍ത്തുകൊണ്ട് മുന്‍ നാവികസേന മേധാവികള്‍ വരെ രംഗത്തെത്തിയിട്ടും പ്രസ്താവന തിരുത്താന്‍ മോദി തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് വിദേശ പൗരത്വമുള്ള സിനിമാതാരം അക്ഷയ്കുമാറിനെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിച്ചതിനെതിയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നത്. കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദനയാണ് അക്ഷയ് കുമാര്‍ ഐ.എന്‍.എസ് സുമിത്രയില്‍ വെച്ചുള്ള ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു കനേഡിയന്‍ പൗരന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലിനുള്ളില്‍ കയറുന്നത് ഉചിതമാണോ എന്നാണ് അവരുടെ ചോദ്യം. പ്രധാനമന്ത്രിയെയും അക്ഷയ് കുമാറിനെയും ഇതില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. മോദിയുമായും ബി.ജെ.പിയുമായും വളരെ അടുത്തുനില്‍ക്കുന്ന സിനിമാതാരമാണ് അക്ഷയ്കുമാര്‍. പ്രധാനമന്ത്രിയുമായിട്ട് അക്ഷയ്കുമാര്‍ അഭിമുഖം നടത്തുകയും ചെയ്തിരുന്നു.