മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

Jaihind News Bureau
Thursday, October 15, 2020

 

തൃശൂർ: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

കവിത, നാടകം, ചെറുകഥ, ഉപന്യാസം എന്നിവയുള്‍പ്പടെ 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ  ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്‍റെതായി പുറത്തുവന്നിട്ടുണ്ട്.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ,  2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ  ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ.പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.