‘എകെജി സെന്‍ററില്‍ നിന്ന് ഇറക്കിവിട്ടിട്ടില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി എസ്ഡിപിഐ

Jaihind Webdesk
Wednesday, July 6, 2022

 

തിരുവനന്തപുരം : എകെജി സെന്‍റര്‍ സന്ദ‍ര്‍ശനത്തിനെത്തിയ നേതാക്കളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും തിരിച്ചയച്ചെന്നുമുള്ള സിപിഎം വിശദീകരണം തള്ളി എസ്ഡിപിഐ. എകെജി സെന്‍ററില്‍ പത്ത് മിനിറ്റോളം ചെലവഴിച്ചാണ് മടങ്ങിയതെന്ന് എസ്ഡിപിഐ നേതാവ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇറങ്ങിപ്പോകാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അഷ്റഫ് മൗലവി കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്‍റർ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. നേതാക്കളുടെ ഓഫീസ് സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ എസ്ഡിപിഐ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ചത്. ഇതോടെ അഭിമന്യു വധക്കേസ് വീണ്ടും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചയായി. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ ഉയർത്തുകയും ചെയ്തു.

അഭിമന്യു വധക്കേസിന് പിന്നിലെ സംഘടനയുമായി സിപിഎം ബന്ധം ചര്‍ച്ചയായതോടെ സിപിഎം വിശദീകരണക്കുറിപ്പ് ഇറക്കുകയായിരുന്നു. എസ്ഡിപിഐ നേതാക്കളെ ഓഫീസിന് പുറത്തുനിന്ന് തന്നെ തിരിച്ചയച്ചെന്നായിരുന്നു എകെജി സെന്‍ററിൽ നിന്നുള്ള വിശദീകരണം. മുഖ്യമന്ത്രിയും ഇക്കാര്യം സഭയില്‍ ആവർത്തിച്ചു. എന്നാല്‍ ഇതിനെ തള്ളി എസ്ഡിപിഐ രംഗത്തെത്തിയതോടെ സിപിഎം വീണ്ടും വെട്ടിലായിരിക്കുകയാണ്.