തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാതെ ഇരുട്ടിൽ തപ്പി പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പ്രതിയിലേക്ക് എത്താവുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം ചുവന്ന സ്കൂട്ടരില്‍ പോയ ആള്‍ തട്ടുകടക്കാരനാണെന്നും ഇയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. നാടകീയമായ എകെജി സെന്‍റർ ആക്രമണത്തെ കൂടുതല്‍ ദുരൂഹമാക്കുന്നതാണ് പ്രതിയെ പിടിക്കാന്‍ കഴിയാത്ത പോലീസ് നടപടി.
എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ മൂന്നാം നാളാകുമ്പോഴും അന്വേഷണം വഴിയടഞ്ഞ അവസ്ഥയിലാണ് പോലീസ്. ദിവസങ്ങൾ കഴിഞ്ഞിട്ടും അതീവ സുരക്ഷാ മേഖലയിലുണ്ടായ സംഭവത്തിലെ പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ ദുരൂഹതയേറുകയാണ്. സിപിഎം നാടകമെന്ന കോണ്‍ഗ്രസ് ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇതെല്ലാം. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ അക്രമിയല്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് തവണ എകെജി സെന്‍ററിന് മുന്നിലൂടെ പോയിരുന്നു. എന്നാല്‍ നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് പോലീസ് പറയുന്നത്.
ആക്രമണം നടത്തിയ വ്യക്തിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിരുന്നു എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ 2 പേരെ പ്രതികളാക്കി ആണ് പോലീസ് അന്വേഷണം നടത്തിയത്. എകെജി സെന്‍റിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ കലാപാഹ്വാന വകുപ്പ് അടക്കമുളള ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. അന്തിയൂര്‍കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞത്. പോലീസ് സുരക്ഷയൊരുക്കി കാവൽ ഉള്ളപ്പോഴാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ വ്യക്തിയെ എന്തുകൊണ്ട് പോലീസ് പിന്തുടർന്നില്ല എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സംഭവത്തിന് തൊട്ടുപിന്നാലെ മുന്‍കൂട്ടി തയാറാക്കിയതുപോലുള്ള പ്രതികരണങ്ങള്‍ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതും സംഭവത്തിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുന്നു. സിസി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും തുടർന്ന് അദൃശ്യമതിലില്‍ തട്ടിയതുപോലെയായി കാര്യങ്ങള്‍. ആരോപണശരങ്ങളേറ്റ് അടിമുടി പ്രതിരോധത്തിലായ സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖം രക്ഷിക്കാന്‍ വേണ്ടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം നാടകമാണ് ഇതെന്ന കോണ്‍ഗ്രസ് ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പോലീസിന്‍റെ ഭാഗത്തുനിന്നുള്ള നിഷ്ക്രിയത്വവും.