അഴിമതി ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സിപിഎം നാടകം: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, July 1, 2022

 

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണത്തിന് പിന്നില്‍ തികഞ്ഞ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 24 മണിക്കൂറും നിരീക്ഷണം ഉള്ള പ്രദേശത്ത് പോലീസ് എന്ത് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും എന്തുകൊണ്ട് പ്രതിയെ പിടിക്കാന്‍ പോലീസിന് സാധിക്കുന്നില്ല?

സംഭവം നടന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണ്ണക്കടത്തിലും സ്പ്രിങ്ക്ളറിലുമെല്ലാം സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടമായ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കാനുള്ള സിപിഎം നാടകമാണിതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.