ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണം; പോലീസിന്‍റെ ഹർജിയില്‍ വിധി ഇന്ന്

 

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള പോലീസിന്‍റെ ഹർജിയിൽ ഇന്ന് വിധി പറയും. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വധിച്ച കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഹൈക്കോടതി നൽകിയ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നു കാട്ടിയാണ് പോലീസ് ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയത്. കൊലപാതക കേസിൽ 2019 ലാണ് ജാമ്യം അനുവദിച്ചത്. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നാണു കോടതി നിർദേശിച്ചത്. ജാമ്യത്തിൽ കഴിയവേ കാപ്പ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ആകാശ് തില്ലങ്കേരി നിലവിൽ ജയിലിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment