ഷാഫി പറമ്പില്‍ മരണത്തിന്‍റെ വ്യാപാരിയെന്ന് ആകാശ് തില്ലങ്കേരി; ചെകുത്താന്‍റെ വേദോപദേശമെന്ന് സോഷ്യല്‍മീഡിയ

Jaihind News Bureau
Thursday, May 14, 2020

 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയെ മരണത്തിന്‍റെ വ്യാപാരിയെന്ന് വിശേഷിപ്പിച്ച് ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി. വാളയാറില്‍ നടന്ന സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം വിശദീകരിച്ചുകൊണ്ട് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ കമന്‍റായായിരുന്നു ആകാശിന്‍റെ പ്രതികരണം. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരിക്ക് സ്വന്തം പാര്‍ട്ടിയോടുള്ള ആത്മവിശ്വാസം വളരെ കൂടുതലായിരിക്കുമെന്നും അതുകൊണ്ടാണ് കേസില്‍ പ്രതിയായി പരോളിൽ കഴിയുമ്പോൾ ജീവിതത്തിൽ ഒരു പൂച്ചയെ പോലും കൊന്നിട്ടില്ലാത്ത ഷാഫി പറമ്പിൽ എംഎല്‍എയെ “മരണത്തിൻ്റെ വ്യാപാരി ” എന്ന് യാതൊരു വ്യഗ്രതയുമില്ലാതെ പറയാൻ കഴിയുകയെന്നും ഫേസ്ബുക്കില്‍ വിമശനം ഉയരുന്നു.

അതേസമയം മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായിരുന്ന ആകാശ് തില്ലങ്കേരി പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയെശേഷം ജാമ്യത്തിലിറങ്ങി സുഖവാസമനുഭവിക്കുകയാണ്. സിപിഎമ്മിന്‍റെ സൈബര്‍ പോരാളിയെന്നാണ് ആകാശ് തില്ലങ്കേരി സ്വയം വിശേഷിപ്പിക്കുന്നത്.  സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമര്‍ശിച്ചും ഫേസ്ബുക്കില്‍ സജീവമായ ആകാശ് തില്ലങ്കേരിക്ക് വീരപരിവേഷമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്‍പ്പിച്ചുനല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത ആകാശിന്‍റെ സെൽഫി ചിത്രങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. 2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ആകാശ് മുഖ്യപ്രതിയായിരുന്നു.  ‘വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു.