കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ച ഹർസിമ്രത്ത് കൗറിന്റെ തീരുമാനം കർഷകരെ പറ്റിക്കാനുള്ള നാടകം മാത്രമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വളരെ വൈകി എടുത്ത ഈ തീരുമാനത്തിലൂടെ കർഷകർക്ക് ഒരു പ്രയോജനവുമില്ലെന്നും അമരീന്ദർ സിംഗ് ചൂണ്ടിക്കാട്ടി. എന്‍.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ അകാലിദള്‍ ഇപ്പോഴും തയാറായിട്ടില്ല. കർഷകരോടുള്ള താത്പര്യം കാരണമല്ല, സ്വന്തം രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് അകാലിദളിന്റെ നീക്കമെന്നും അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു.
കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഹര്‍സിമ്രത് രാജിവെച്ചതുകൊണ്ട് പഞ്ചാബിലെ കര്‍ഷകര്‍ക്ക് യാതൊരു സഹായവുമില്ല. ഇത്തരം ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ശിരോമണി അകാലിദള്‍ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ല. എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ബില്ല് പാസാക്കുന്നതിനെപ്പറ്റി കേന്ദ്രം പത്ത് തവണയെങ്കിലും ആലോചിക്കുമായിരുന്നു – അമരീന്ദര്‍ സിംഗ് പറഞ്ഞു.
മന്ത്രിയുടെ രാജി കൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നും വളരെ വൈകിയ വേളയിലെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിസഭയില്‍ തങ്ങളുടെ മന്ത്രിയുടെ രാജിയെ ഒരു പരിഹാരമെന്ന നിലയിലാണ് അകാലിദള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ അത് കര്‍ഷകരോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് തങ്ങളുടെ പ്രതിഛായ സംരക്ഷിക്കാനാണെന്നും സിംഗ് ചൂണ്ടിക്കാട്ടി. കേന്ദ്ര കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചതായി അറിയിച്ചത്. എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അംഗമായ ഹര്‍സിമ്രത് കൗര്‍ 2014 മുതല്‍ മോദി സര്‍ക്കാരിന്റെ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കര്‍ഷക ബില്ലിന്റെ വോട്ടിംഗ് ലോക്സഭയില്‍ നടക്കാനിരിക്കെയാണ് ഹർസിമ്രത് കൗറിന്റെ നാടകീയ രാജി.
കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധസമരങ്ങളാണ് പഞ്ചാബിലും ഹരിയാനയിലും ആഴ്ചകളായി നടന്നുവരുന്നത്. ബില്ലില്‍ പരിഹാരം ഉടനുണ്ടായില്ലെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ തയാറാവണമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനോടും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ തന്നെയാണ് അകാലി ദളിന്റെ തീരുമാനം. ഈ ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഇതിനകം തന്നെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പഞ്ചാബിലെ ജനങ്ങളെ കബളിപ്പിക്കാന്‍ രാജി നാടകം നടത്തി അകാലിദള്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
Harsimrat Kaur’s decision to quit Union Cabinet is another in the long chain of theatrics being enacted by @Akali_Dal_ which has still not quit ruling coalition. It's motivated not by any concern for farmers but to save their own dwindling political fortunes. Too little too late.
— Capt.Amarinder Singh (@capt_amarinder) September 17, 2020