ശശീന്ദ്രന്‍റെ വാദം കള്ളം ; കേസെടുക്കാന്‍ മന്ത്രിയും സംഘവും പൊലീസിനെ അനുവദിക്കുന്നില്ല : പരാതിക്കാരിയുടെ പിതാവ്

Jaihind Webdesk
Tuesday, July 20, 2021

കൊല്ലം : മന്ത്രി എ.കെ ശശീന്ദ്രന്‍ പീഡന പരാതി അറിഞ്ഞല്ല വിളിച്ചതെന്ന് പറയുന്നത് ശുദ്ധമായ കളവാണെന്ന് പരാതിക്കാരിയും പിതാവും പറഞ്ഞു. പരാതി നൽകിയിട്ടും കേസ് എടുക്കാൻ മന്ത്രിയും കൂടെയുള്ള സംഘവും പൊലീസിനെ അനുവദിക്കുന്നില്ലെന്നും ജൂലൈ 4 ന് രാവിലെ 10.17 ന് സ്വന്തം നമ്പരിൽ നിന്നാണ് മന്ത്രി വിളിച്ചതെന്നും ഇവർ വ്യക്തമാക്കി.

എന്‍സിപി നേതാവ് ദുരുദ്ദേശത്തോടെ തന്‍റെ കൈയ്ക്ക് കടന്നുപിടിച്ചിട്ടും ആദ്യം പേടി കൊണ്ടാണ് പരാതി നൽകാതിരുന്നതെന്ന് പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം തുടർന്നപ്പോൾ പരാതി നൽകിയിട്ടും പൊലീസ് ആവശ്യമായ നടപടി എടുത്തില്ലെന്ന് പെൺകുട്ടി കുറ്റപ്പെടുത്തി.

മന്ത്രി ഇപ്പോൾ നൽകുന്ന വിശദീകരണം ശുദ്ധമായ കളവാണെന്നും പരാതി നൽകിയിട്ടും കേസ് എടുക്കാൻ മന്ത്രിയും കൂടെയുള്ള സംഘവും പൊലീസിനെ അനുവദിക്കുന്നില്ലെന്നും ജൂലൈ 4ന് രാവിലെ 10.17 ന് സ്വന്തം നമ്പരിൽ നിന്നാണ് മന്ത്രി വിളിച്ചതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കേസ് അട്ടിമറിക്കാനും പരാതി പിൻവലിക്കാനും മന്ത്രിയുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായി എന്ന വാദമാണ് ഇവർ ഉയർത്തുന്നത്.