കെഎസ്എഫ്ഇയില്‍ നടക്കുന്നത് വന്‍ തിരിമറികളെന്ന തുറന്നുപറച്ചിലുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. കൊള്ളച്ചിട്ടികളുടെ പേരില്‍ കോടിയുടെ തിരിമറികളാണ് നടന്നിട്ടുള്ളത്. ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനായി എത്തില്ലെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇയിലെ സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പേരിട്ടും കള്ള ചെക്കും വാങ്ങിയുമാണ് ചിട്ടികള്‍ കെസ്എഫ്ഇയില്‍ നടത്തുന്നത്. ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്. കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ് ഇത്തരം രീതികള്‍. സഹകരണ മേഖലയില്‍ നടക്കുന്നത് പോലുള്ള അന്വേഷണം കെഎസ്എഫ്ഇയിലും വരില്ലായെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
കള്ള പ്രമാണങ്ങള്‍ വച്ചുള്ള വായ്പ്പയും കെഎസ്എഫ്ഇ വഴി നടക്കുന്നുണ്ട്. അശാസ്ത്രീയമായ തരത്തിലാണ് പുതിയ ശാഖകള്‍ ആരംഭിക്കുന്നത്. എന്തിനാണ് ഇത്രയും ശാഖകള്‍ എന്ന് തനിക്ക് പോലും തോന്നിയിട്ടുണ്ട്. ആളുകൂടിയാല്‍ അപ്പോള്‍ തന്നെ ശാഖ തുടങ്ങുന്ന പ്രവണതയാണ് കെഎസ്എഫ്ഇയ്ക്കുള്ളത്. ആധുനികപരമായ ഒരു പരിഷ്കാരങ്ങളും സ്ഥാപനത്തില്‍ നടക്കുന്നില്ല. ഇത്തരം തെറ്റായ പ്രവണതകള്‍ തുടരുമ്പോഴും അതുമായി സമരസപ്പെട്ട് പോകാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ബാലന് വിമര്‍ശിച്ചു.