തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന മന്ത്രി എ.കെ ബാലന്റെ നിലപാട് തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ബാലന്റെ അഭിപ്രായപ്രകടനം നിയമമന്ത്രി എന്ന നിലയിലാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും എം.എ ബേബി പറഞ്ഞു.
ലോകായുക്ത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു ബാലന്‍റെ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജലീലിന്റെ ബന്ധു കെ.ടി അദീപിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കാന്‍ വിദ്യാഭ്യാസ യോഗ്യത മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടാെണന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലുള്ള പരാമര്‍ശം ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അദീപിന്‍റെ യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതിന്‍റെ രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അദീബിന്‍റെ നിയമനം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴൊക്കെ ജലീല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന്‍റെ ഫയല്‍ വിവരങ്ങളും ലഭിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ അദീബിന്‍റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ ഉദ്യോഗസ്ഥര്‍ പല തവണ എതിര്‍ത്തിരുന്നു. അദീബിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം കാണുന്നത് ജലീലിന്‍റെ അമിതമായ താല്‍പര്യമാണ്. വിവാദമുണ്ടായപ്പോള്‍ ജലീലിനെ പൂര്‍ണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി ജലീലിന്‍റെ നിര്‍ദ്ദേശപ്രകാരം അദീബിനായുള്ള യോഗ്യതാ മാറ്റത്തെ അനുകൂലിക്കുകയായിരുന്നു.
അതിനിടെ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിനു കൈമാറി. കണ്ടെത്തലുകളും തെളിവുകളുടെ പകര്‍പ്പും കൈമാറി. ബന്ധുനിയമനത്തില്‍ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ബേബിയുടെ അഭിപ്രായപ്രകടനം രാഷ്ട്രീയമായും ഭരണപരമായും സി.പി.എമ്മിനും സര്‍ക്കാരിനും വെല്ലുവിളിയുയര്‍ത്തുന്നതാണ്.