
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ മനസ്സില്ലെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസിന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്നും എന്നാല്‍ നിരുപാധികം മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തയ്യാറല്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്ന് പറഞ്ഞ ബാലന്‍, കോടതി വിധി ജയിലില്‍ പോകാനാണെങ്കില്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ പല സമരങ്ങളുടെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 30 ദിവസം കിടന്നു. മന്ത്രിയായിരിക്കെയും ശിക്ഷിക്കപ്പെട്ടു. കേസ് വന്നതിന്റെ പേരില്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിക്കില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും തന്നെയും പാര്‍ട്ടിയെയും പൊതുസമൂഹത്തില്‍ അവഹേളിക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ പരാതിയെന്നും അദ്ദേഹം ആരോപിച്ചു. തന്നെ ഒരു ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും 60 വര്‍ഷത്തെ തന്റെ പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്കറിയാമെന്നും ബാലന്‍ വ്യക്തമാക്കി.
തങ്ങള്‍ വര്‍ഗീയ കലാപം നടത്തിയെന്ന ബാലന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.