സാമ്പത്തിക ആശ്വാസ പ്രഖ്യാപനം എത്രയുവേഗം ഉണ്ടായില്ലെങ്കില്‍ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും: എ.കെ ആന്റണി

Jaihind News Bureau
Tuesday, April 14, 2020

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഉദാരമായ സാമ്പത്തിക ആശ്വാസ പ്രഖ്യാപനം എത്രയും വൈകാതെ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി എംപി.  ഇതുണ്ടായില്ലെങ്കില്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച് പുറത്തിറങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതില്‍ എത്രമാത്രം ഇളവുകള്‍ ഉണ്ടാകുമെന്നതാണ് ഉറ്റുനോക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ ആശ്വാസ നടപടികള്‍ ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമാണ്.  കൂടുതല്‍ ഉദാരമായ സാമ്പത്തിക ആശ്വാസ പ്രഖ്യാപനം ചൊവ്വാഴ്ച  ഉണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹം. അതുണ്ടായില്ലെങ്കില്‍ ലോക്ക് ഡൗണ്‍ മൂലം ഉണ്ടാകുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് ആന്റണി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്  ലോക്ക് ഡൗണ്‍ നീട്ടിയത്. രാജ്യത്ത് ഇപ്പോഴും സ്ഥിതിഗതികള്‍ ശരിയായിട്ടില്ലാത്തത് കൊണ്ടാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.  അതുകൊണ്ട് ലോക്ക് ഡൗണ്‍ നീട്ടിയതിനെ അനുകൂലിക്കുക തന്നെയാണ് വേണ്ടത്. പ്രധാനമന്ത്രി പറഞ്ഞത് അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.