അഹമ്മദ് പട്ടേലിന്‍റെ വേര്‍പാട് തീരാനഷ്ടം: എ.കെ. ആന്‍റണി

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തിലെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അഹമ്മദ് പട്ടേലിന്‍റെ വേര്‍പാട് തീരാദുഃഖമായെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. 1977 മുതല്‍ ഉറ്റ സുഹൃത് ബന്ധമുണ്ടായിരുന്ന മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മരണത്തിനു തൊട്ടുപിന്നാലെ 1984 മുതല്‍ തന്‍റെ എല്ലാമായിരുന്ന അഹമ്മദ് പട്ടേലിന്‍റെ മരണം താങ്ങാവുന്നതിലും അപ്പുറത്താണെന്ന് ആന്‍റണി അനുസ്മരിച്ചു.

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ ഐസിയുവില്‍ നിന്നു ടെലിഫോണില്‍ വിളിച്ചാണ് ആന്‍റണി തന്‍റെ അനുശോചനം അറിയിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആന്‍റണിയും ഭാര്യ എലിസബത്തും ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.

അഹമ്മദ് പട്ടേലിന്‍റെയും തരുണ്‍ ഗൊഗോയിയുടെയും വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാനഷ്ടമാണ്. ഇരുവര്‍ക്കും പകരം വയ്ക്കാനാകില്ല. പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി ജീവിതം മുഴുവന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരാണ് രണ്ടു നേതാക്കളും. പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങളിലും ക്രൈസിസ് മാനേജരായിരുന്ന അഹമ്മദ് പട്ടേല്‍ അത്യപൂര്‍വമായ രാഷ്ട്രീയ തന്ത്രജ്ഞതയും പ്രകടമാക്കി. വ്യക്തിപരമായി ഇരുവരോടും വളരെ ഇഴയടുപ്പമുള്ള ബന്ധമുണ്ടായിരുന്നു.

1984 മുതല്‍ ഡല്‍ഹി രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഏറ്റവുമടുത്ത സഹപ്രവര്‍ത്തകനായിരുന്ന പട്ടേലിന്‍റെയും 1997 മുതല്‍ വളരെ ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന ഗൊഗോയുടെ മരണവും ഏറെ വേദനിപ്പിച്ചു. ഇരുവര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും ആശുപത്രിയില്‍ നിന്ന് ആന്‍റണി പറഞ്ഞു.

Comments (0)
Add Comment