പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ക്രൂരത: എ.കെ.ആന്‍റണി

Jaihind News Bureau
Wednesday, May 27, 2020

 

ന്യൂഡല്‍ഹി: മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. അടിയന്തരമായി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനവും സാമ്പത്തികമായി കഴിവില്ലാത്തവരാണ്. ഇങ്ങനെയുള്ളവര്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് തികച്ചും വേദനാജനകമാണ്. നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലേക്ക് വരുന്നവര്‍ എത്രലക്ഷം ഉണ്ടെങ്കിലും അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു. ഇതിന് നേര്‍ വിപരീതമാണ് ഇന്നലത്തെ പ്രഖ്യാപനം.

ജോലിയും തൊഴിലുമെല്ലാം നഷ്ടപ്പെട്ട് ചില്ലിക്കാശ് പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ തന്നെ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന് പറയുന്നത് ക്രൂരതയാണ്. നിലപാട് തിരുത്തി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്‍റൈന്‍ ചാര്‍ജ്ജ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.