പ്രവാസികളുടെ മടക്കം: പ്രധാനമന്ത്രി കണ്ണ് തുറക്കണം, മുഖ്യമന്ത്രി അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണം: എ.കെ ആന്‍റണി എം.പി

Jaihind News Bureau
Saturday, April 25, 2020

പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് എ.കെ ആന്റണി എം.പി. വിഷയത്തില്‍ പ്രധാനമന്ത്രി കണ്ണ് തുറക്കണം. പ്രവാസികളെ പ്രത്യേക വിമാനത്തില്‍ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം ഒന്നടങ്കം ദിവസങ്ങളായി ഈ ആവശ്യമുന്നയിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ഇക്കാര്യം കേന്ദ്രത്തെ ധരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് പ്രത്യേക വിമാന സര്‍വീസ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്റെ നേതൃത്വത്തില്‍ രാജ്ഭവനുമുന്നില്‍ നടക്കുന്ന ഏകദിന ധര്‍ണ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണണമെന്ന് ധര്‍ണ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ കടമയാണ് പൗരന്മാരെ നാട്ടിലെത്തിക്കുക എന്നത്. മറ്റ് രാജ്യങ്ങൾ അവരുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കണ്ണ് തുറക്കുന്നില്ല. ചാർട്ടേർഡ് വിമാനങ്ങൾ കേന്ദ്ര സർക്കാർ അനുവദിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഏകദിന രാജ്ഭവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടിലെത്തിക്കുന്നവരെ ക്വാറന്‍റീന്‍ ചെയ്യാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.