‘സമരപോരാട്ടങ്ങളിലെ മുന്‍നിര പോരാളി’; മുഹമ്മദാലിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി എ.കെ ആന്‍റണി

Jaihind Webdesk
Tuesday, September 20, 2022

 

കോണ്‍ഗ്രസ് നേതാവും മുന്‍ ആലുവ എംഎല്‍എയുമായിരുന്ന കെ മുഹമ്മദാലിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. എറണാകുളം ജില്ലയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിർണായക പങ്ക് വഹിച്ച ആണായിരുന്നു മുഹമ്മദാലി. സമരപോരാട്ടങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു. ദീര്‍ഘകാലം തന്‍റെ സഹപ്രവര്‍ത്തകനും സ്നേഹിതനുമായിരുന്ന മുഹമ്മദാലിയുടെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും എ.കെ ആന്‍റണി പറഞ്ഞു.

“ആദ്യകാലങ്ങളില്‍ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അഹോരാത്രം പണിയെടുത്ത നേതാക്കന്മാരുടെ മുൻപന്തിയിലാണ് മുഹമ്മദാലിയുടെ സ്ഥാനം. എറണാകുളം ജില്ലയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാൻ മുഹമ്മദാലി ചെയ്ത സേവനങ്ങൾ ആർക്കും വിസ്മരിക്കാനാവില്ല. എല്ലാ സമരപോരാട്ടങ്ങളിലും മുഹമ്മദാലി മുൻനിരപ്പോരാളിയായിരുന്നു. ആറ് തവണ എംഎൽഎ ആകുക എന്നത് നിസാരമല്ല. എംഎൽഎ എന്ന നിലയിൽ ആലുവയുടെ വികസനമായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. ആലുവയെ അതിവേഗം വികസിക്കുന്ന ഒരു പ്രദേശമാക്കിമാറ്റാൻ അഹോരാത്രം അധ്വാനിച്ച ആളാണ് അദ്ദേഹം. മുഹമ്മദാലിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു” – എ.കെ ആന്‍റണി പ്രതികരിച്ചു.