തുടര്‍ ഭരണത്തിന്‍റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്; സര്‍ക്കാര്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെ തരിപ്പണമാക്കി: എ.കെ. ആന്‍റണി

Jaihind Webdesk
Tuesday, April 9, 2024

 

തിരുവനന്തപുരം: തുടര്‍ ഭരണത്തിന്‍റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്നും സര്‍ക്കാര്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെ തരിപ്പണമാക്കിയെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി. ആർഎസ്എസിന്‍റെ പിൻസീറ്റ് ഭരണം അവസാനിപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും മോദി സർക്കാർ കഴിഞ്ഞ 10 വർഷമായി ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെപിസിസി മാധ്യമ സമിതി സംഘടിപ്പിച്ച പ്രമുഖ ദേശീയ നേതാക്കളുടെ മാധ്യമ മുഖാമുഖം പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന രൂപപ്പെടുത്തിയതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ കോണ്‍ഗ്രസും അംബേദ്കറും മാത്രമാണെന്നും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായിയുടെ പാർട്ടിക്കാരെന്നും എ.കെ ആന്‍റണി പറഞ്ഞു. എന്നിട്ടാണ് പിണറായി വിജയന്‍ എല്ലാ ദിവസവും ഭരണഘടന സംരക്ഷണത്തെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ ഭരണത്തിന്‍റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്നും സര്‍ക്കാര്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെ തരിപ്പണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കെണിയാണ് കേരള സ്റ്റോറിയെന്നും ആ കെണിയില്‍ ആരും വീഴരുതെന്നും എ.കെ ആന്‍റണി പറഞ്ഞു.