കേന്ദ്രപാക്കേജിലെ സ്വകാര്യവല്‍ക്കരണത്തിനെതിരെ എ.കെ ആന്‍റണി; ‘തീരുമാനം പ്രതിരോധമേഖലയെ അപകടത്തിലാക്കും’

Jaihind News Bureau
Saturday, May 16, 2020

 

സ്വകാര്യവല്‍ക്കരണ തീരുമാനം പ്രതിരോധമേഖലയെ അപകടത്തിലാക്കുമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്‍റണി പറഞ്ഞു. കൊവിഡ് സാമ്പത്തിക പാക്കേജെന്ന പേരിൽ തങ്ങളുടെ സ്വകാര്യവൽക്കരണ അജണ്ടകൾ അടിച്ചേൽപ്പിച്ചു കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രസ്താവനയിൽ പറഞ്ഞു. ആത്‌മ നിർഭർ ഭാരതെന്ന പേരിൽ രാജ്യത്തിൻറെ സാമ്പത്തിക മേഖലയുടെ ആത്മാവിനെ തന്നെ വിറ്റു തുലക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൂടുതല്‍ മേഖലകളില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബഹിരാകാശ മേഖലയെയും കല്‍ക്കരി ഖനന മേഖലയേയും പ്രതിരോധമേഖലയേയും സ്വകാര്യവല്‍ക്കരിക്കും.  ആയുധ നിര്‍മ്മാണ സ്ഥാപനങ്ങളേയും കോര്‍പ്പറേറ്റ് വല്‍ക്കരിക്കും.  കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കും. വൈദ്യുതി താരിഫ് മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമാക്കും.

പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 49 ല്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി. ഇതോടെ വിദേശകമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ആയുധനിര്‍മാണ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ വഴിയൊരുങ്ങി. ബഹിരാകാശമേഖലയേയും സ്വകാര്യവല്‍ക്കരിക്കും. സ്വകാര്യ കമ്പനികള്‍ക്ക് ബഹിരാകാശമേഖലയില്‍ അവസരം നല്‍കും. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താം. ശൂന്യാകാശ പര്യവേഷണത്തിനും ഉപഗ്രഹ വിക്ഷേപണത്തിനും കമ്പനികള്‍ക്ക് അനുമതി. ആണവോര്‍ജ മേഖലയിലും പൊതുസ്വകാര്യ പങ്കാളിത്തമുണ്ടാകും.