അജ്മല്‍ സ്വര്‍ണ്ണക്കടത്തിലെ പ്രധാനി; പലപ്പോഴും സുരക്ഷ ഒരുക്കിയത് അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും

Jaihind Webdesk
Tuesday, July 13, 2021

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത അജ്മൽ സ്വർണ്ണക്കടത്തിലെ പ്രധാനി. സ്വർണ്ണം പൊട്ടിച്ചതിനെ തുടർന്ന് അജ്മലിനെ സ്വർണ്ണക്കടത്ത് സംഘം വിദേശത്ത് വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. സ്വർണ്ണക്കടത്തിൽ പങ്കുള്ള കൂടുതൽ പേരുകൾ അജ്മൽ വെളിപ്പെടുത്തി. ജുനൈസ്, രജീഷ്, റാസിഖ് എന്നിവരുടെ പേരുകളാണ് അജ്മൽ വെളിപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് സംഘം അജ്മലിനെ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ കസ്റ്റംസ് പരിശോധിച്ചതായി സൂചനയുണ്ട്.

തെക്കേ പാനൂരിലെ ഡിവൈഎഫ്ഐയുടെ മുൻ യൂണിറ്റ് ഭാരവാഹിയും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ അജ്മലിനെ ഒരു സംഘം ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സ്വർണ്ണക്കടത്തിൽ കാരിയറായി പ്രവർത്തിച്ചിരുന്ന അജ്മൽ കഴിഞ്ഞ നവംബറിൽ സ്വർണ്ണവുമായി നാട്ടിലെത്തിയിരുന്നു. എന്നാൽ മറ്റൊരു സംഘം അജ്മലിന്‍റെ സ്വർണ്ണം പൊട്ടിച്ചു. അജ്മൽ സ്വർണ്ണ കടത്ത് മറ്റൊരു പൊട്ടിക്കൽ സംഘത്തിന് ചോർത്തി നൽകിയെന്നാണ് സൂചന.
ഇതിനെ തുടർന്ന് നാട്ടിൽ നിന്ന് തിരിച്ച് ഗൾഫിലെത്തിയ അജ്മലിനെ ഗൾഫിൽ വെച്ച് ഒരു സംഘം മർദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഈ ചോദ്യം ചെയ്യലിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നാണ് സൂചന.

സ്വർണ്ണം പൊട്ടിക്കുന്നതിൽ പ്രധാനി രജീഷും, ജുനൈസും, റാസിഖുമാണെന്നാണ് അജ്മൽ പറയുന്നത്. ഒപ്പം സ്വർണ്ണക്കടത്ത് സംഘത്തിലുള്ള ക്രൗൺ എന്നയാളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. സ്വർണ്ണം പൊട്ടിച്ചതിൽ അജ്മലിന് പങ്കുണ്ടെന്ന് മറ്റൊരു സംഘത്തിന് മനസിലായതോടെ ഇവർ അജ്മലിനെ തേടി നവംബർ, ഡിസംബർ മാസങ്ങളില്‍ തെക്കേ പാനൂരിലെ വീട്ടിലെത്തിയിരുന്നു. അന്ന് അജ്മലിന് വീട്ടിൽ സുരക്ഷ ഒരുക്കിയത് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമായിരുന്നു. ഇവർക്കൊപ്പം പാനൂരിലെ ഡിവൈഎഫ്ഐ നേതാക്കളും ഉണ്ടായിരുന്നു. അജ്മലിന്‍റെ ഉമ്മ സക്കീനയുടെ പേരിലുള്ള മൂന്ന് സിം കാർഡുകളാണ് സ്വർണ്ണക്കടത്ത് ഇടപാടുകൾക്കായി അജ്മൽ ഉപയോഗിച്ചത്. മുഹമ്മദ് എന്ന പേരാണ് ആശയ വിനിമയങ്ങളിൽ അജ്മലും ഷഫീഖും ഉപയോഗിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖിനെ ദുബായിലെ കാരിയർ ഏജന്‍റിന് പരിചയപ്പെടുത്തിയത് പാനൂർ സ്വദേശി അജ്മൽ ആണെന്ന് കസ്റ്റംസ് കണ്ടെത്തിട്ടുണ്ട്. ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അജ്മലെന്നും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഷഫീഖിനെ അജ്മലിന് പരിചയപ്പെടുത്തിയത് അർജുൻ ആയങ്കിയാണ്. അജ്മൽ ഒരു വർഷത്തോളം ദുബായിലുണ്ടായിരുന്നു. സ്വർണ്ണക്കടത്തിൽ കൂടുതൽ പേരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ അജ്മലിൽ നിന്ന് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അത് വരും ദിവസങ്ങളിൽ പുറത്തുവരും.