അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി; ചുമതലയില്‍ നിന്നും മാറ്റും, പകരം 2 പേർ പരിഗണനയിൽ

Jaihind Webdesk
Monday, September 2, 2024

 

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഗുരുതര വെളിപ്പെടുത്തലില്‍ എഡിജിപിക്കെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് എം.ആര്‍ അജിത് കുമാറിനെ മാറ്റും. ആ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ്, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെയാണു പരിഗണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി.വി. അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്.

വിവാദത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഏത് കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഒരു മുന്‍വിധിയിലും ഉണ്ടാവില്ലെന്നുമാണ് കോട്ടയത്ത് പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെയാണ് എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാനുള്ള നടപടി. ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ഡിജിപിയാണ് വിഷയം അന്വേഷിക്കുക. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോട്ടയം നാട്ടകത്തെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. നിലവിലെ വിവാദങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി അജിത് കുമാറിനെതിരെയുള്ള നടപടിക്ക് അനുമതി നല്‍കിയെന്നാണ് വിവരം.

മുഖ്യമന്ത്രിയെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചത് അജിത് കുമാറാണ്. ശേഷം ഇരുവരും വേദി പങ്കിട്ടെങ്കിലും മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടമായിരുന്നു. അതിനിടെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എഡിജിപി കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയത്ത് മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയ പി.വി അന്‍വര്‍ ഇന്നും അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. അജിത് കുമാറിന്‍റെ കീഴില്‍ ദുബായില്‍ സ്വര്‍ണ്ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അജിത് കുമാര്‍ ഇടപെട്ട് സോളാര്‍ കേസ് അട്ടിമറിച്ചു, കവടിയാറില്‍ സ്ഥലം വാങ്ങി കൊട്ടാരത്തിന് സമാനമായ വീട് പണിയുന്നു എന്നതടക്കമുള്ള ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയത്.