തിരുവല്ല: എ ഡി ജി പി എം.ആര്‍. അജിത് കുമാര്‍ നടത്തുന്ന എല്ലാ തെറ്റായ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി. അജിത് കുമാര്‍ പിണറായി വിജയന്റെ നമ്പര്‍വണ്‍ അവതാരമാണ്. വിജിലന്‍സ് കോടതി ഉത്തരവ് പിണറായി വിജയനുമെതിരാണ്. അജിത് കുമാറിനെ വിജിലന്‍സ് കേസില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം പിണറായി വിജയന്റേതാണ്. വിജിലന്‍സിനെ കൂട്ടിലടച്ച് ക്ലിഫ് ഹൗസിന്റെ അടുക്കളയില്‍ കുടിയിരിത്തിയിരിക്കുകയാണ്.
അനധികൃത സ്വത്ത് സമ്പാദ്യം, പൂരം കലക്കല്‍, ആര്‍.എസ്. എസ്. നേതാവ് ദത്താത്രയ ഹെസബള്ളയുമായുള്ള കൂടിക്കാഴ്ച, ഭീഷണിപ്പെടുത്തി മൊഴി മാറ്റല്‍, സ്വപ്ന സുരേഷിന്റെ കേസിലെ അനാവശ്യമായ ഇടപെടല്‍ ഇതെല്ലാം നടത്തിയ അജിത് കുമാറിനെ വളഞ്ഞ വഴിയിലൂടെ ഡി ജി പി ആക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്.
വിജിലന്‍സ് കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മഹിള സാഹസ് കേരള യാത്രയ്ക്ക് കടപ്ര, പരുമല, നിരണം, നെടുമ്പുറം, പെരിങ്ങര,കവിയൂര്‍,തിരുവല്ല, കുറ്റൂര്‍,കുന്നന്താനം, കല്ലൂപ്പാറ,പുറമറ്റം എന്നീ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആന്റോ ആന്റണി എം.പി., കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ. കുര്യന്‍, ഡി സി സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പില്‍, മാലേത്ത് സരള ദേവി എക്‌സ് എം.എല്‍.എ, കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു, സെക്രട്ടറിമാരായ
എബി കുര്യാക്കോസ്, അനീഷ് വരിക്കണ്ണാമല, എന്‍. ഷൈലജ്, റിങ്കു ചെറിയാന്‍, കെ പി സി സി അംഗം റെജി തോമസ് എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍, എല്‍ അനിത, ലാലി ജോണ്‍, സുജ ജോണ്‍, അഡ്വ. വിബിത ബാബു, ദീപ അനില്‍,മഞ്ജു വിശ്വനാഥ്,സുധ നായര്‍, ആശ തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. മഹിള സാഹസ് കേരളയാത്രയുടെ ജില്ലയിലെ പര്യടനം ശനിയാഴ്ച രാവിലെ തിരുവല്ല കടപ്ര മണ്ഡലത്തില്‍ നിന്നാരംഭിച്ചു. ജില്ലയിലെ 58 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ആഗസ്റ്റ് 26 ന് കോന്നിയില്‍ സമാപിക്കും.