എം.ആര്‍.അജിത് കുമാറിന് അധിക ചുമതല. നിലവില്‍ എക്‌സൈസ് കമ്മിഷണറായ അജിത്കുമാര്‍ ഇനി ബവ്‌റിജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നിര്‍വഹിക്കും. ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇനി മുതല്‍ പദവി അജിത്കുമാരിന്റെ കൈകളിലാകും. എന്നാല്‍, ഹര്‍ഷിത എംഡിയായി തുടരും.
2021 വരെ എക്‌സൈസ് കമ്മിഷണറുടെ കീഴിലായിരുന്നു ബവ്‌കോ ചെയര്‍മാന്‍ പദവിയും വന്നിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റുകയും ഇപ്പോള്‍ പുതിയ ഉത്തരവിലൂടെ വീണ്ടും അജിത് കുമാറിന് അധിക ചുമതല നല്‍കിയിരിക്കുകയുമാണ്. അനധികൃത സ്വത്ത് സമ്പാദനം, പൂരം കലക്കല്‍, സംസ്ഥാന പോലീസ് മേധാവി തുടങ്ങി വിവിധ വിഷയങ്ങളില്‍ അജിത്കുമാറിന് സര്‍ക്കാര്‍ സംരക്ഷണവും കരുതലും ലഭിച്ചിരുന്നു. മറ്റാരോടുമില്ലാത്ത ‘കരുതല്‍’ അജിത്കുമാറിനോട് പിണറായി സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നു. അത് ഇന്നും തുടരുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇതും മാറുകയാണ്.