കോണ്‍ഗ്രസിന്‍റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു; കേന്ദ്രസർക്കാരിന്‍റേത് ജനാധിപത്യത്തെ തകർക്കുന്ന നിലപാടെന്ന് അജയ് മാക്കൻ

Jaihind Webdesk
Friday, February 16, 2024

ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചെന്ന് കോൺഗ്രസ്. കോൺഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ജനാധിപത്യത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേതെന്ന് എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കൻ  പറഞ്ഞു. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആദായനികുതി അടക്കാൻ വൈകിയെന്ന പേരിലാണ് നടപടി. ഇന്നലെയാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾ കൊടുക്കുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. പാ‍ര്‍ട്ടി ഇൻകംടാക്സ് അതോരിറ്റിയെ സമീപിച്ചതായി അജയ് മാക്കൻ അറിയിച്ചു. 210 കോടി രൂപയാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി ഇൻകംടാക്സ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.