‘ബിനോയ്‌ വിശ്വത്തിന് റഹീമിന്‍റെ സർ‌ട്ടിഫിക്കറ്റ് വേണ്ട, തിരുത്തേണ്ടത് എസ്എഫ്ഐയെ’; റഹീമിനെതിരെ എഐവൈഎഫ്

Jaihind Webdesk
Monday, July 8, 2024

 

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹീമിനെതിരെ എഐവൈഎഫ്. ബിനോയ് വിശ്വം എന്തു പറയണമെന്നതിന് റഹീമിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രതികരിച്ചു. ബിനോയ്‌ വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം പൊതുസമൂഹത്തിന്‍റെ വികാരമാണ്. അതു മനസിലാക്കി റഹീം എസ്എഫ്ഐയെ തിരുത്തുകയാണ് വേണ്ടത്. എൽഡിഎഫിന്‍റെ മുതിർന്ന നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ്‌ വിശ്വം എന്തു പ്രസ്താവന നടത്തണമെന്നതിന് എ.എ. റഹീമിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു.

വിമർശനം ഉൾക്കൊണ്ട് എസ്എഫ്ഐയിൽ പരിഷ്‌കരണത്തിന് ആഹ്വാനം നൽകാതെ ബിനോയ്‌ വിശ്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന റഹീമിന്‍റെ നിലപാട് പ്രതിഷേധാർഹമാണ്. ഇടതുപക്ഷം കൂടുതൽ തിരുത്തലുകൾക്ക് വിധേയമാകേണ്ട കാലഘട്ടത്തിൽ ബിനോയ്‌ വിശ്വത്തിന്‍റെ അഭിപ്രായ പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.