ജനഹൃദയങ്ങള്‍ കീഴടക്കി ഐശ്വര്യ കേരള യാത്ര ; കേരള രാഷ്ട്രീയം യു.ഡി.എഫിന്‍റെ വഴിയേ, എൽ.ഡി.എഫിന്‍റെ അടിത്തറ ഇളകുന്നു

Jaihind News Bureau
Monday, February 8, 2021

 

ജനഹൃദയങ്ങൾ കീഴടക്കി കേരളത്തിന് ഐശ്വര്യമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര. കേരളം യു.ഡി.എഫ് പിടിച്ചടക്കുമെന്ന് വിളിച്ചോതുന്ന ജനസഞ്ചയമാണ് യാത്രയിലുടനീളം കാണാനാകുന്നത്. യാത്രയ്ക്ക് ലഭിക്കുന്ന വന്‍ ജനപിന്തുണ വലിയ ആത്മവിശ്വാസമാണ് യു.ഡി.എഫിന് നല്‍കുന്നത്.

സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡിന്‍റെ മണ്ണിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരംഭിച്ച പടയോട്ടം നെല്ലറയുടെ നാടായ പാലക്കാട് എത്തിയപ്പോൾ പിണറായി സർക്കാരിന്‍റെ അന്ത്യം കുറിക്കപ്പെടുമെന്ന് വ്യക്തമായ സൂചനയായി മാറി ഐശ്വര്യ കേരള യാത്ര. തദ്ദേശ തെരഞ്ഞടുപ്പിലെ ചെറിയ തിരിച്ചടി യാത്രയെ ബാധിക്കുമെന്നായിരുന്നു സി.പി.എമ്മും ബി.ജെ.പിയും കണക്കുകൂട്ടിയത്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നിർണായക സമയത്ത് യു.ഡി.എഫ് ഒന്നടങ്കം ഉയർത്തെഴുന്നറ്റതിന്‍റെ കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. എല്ലാ ജനവിഭാഗങ്ങളുടെയും വിശ്വാസം നേടിയെടുക്കാൻ യാത്രയ്ക്ക് കഴിഞ്ഞു. യു.ഡി.എഫിലെ എല്ലാ ഘടകക്ഷികൾക്കും മികച്ച പ്രാധാന്യവും പരിഗണനയും യാത്രയ്ക്ക് ലഭിച്ചു.

 

 

മലബാറിലെ സി.പി.എം കോട്ടകളെ പിടിച്ചു കുലുക്കിയാണ് യാത്ര കടന്നു പോകുന്നത്. നിരവധി കേരള യാത്രകൾ നടത്തിയ ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല തന്നെ പറയുന്നു ഐശ്വര്യ കേരള യാത്രയിലെ ജനപങ്കാളിത്തവും ആവേശവും ഇതുവരെ കണ്ടിട്ടില്ല. യാത്രകളിലെ ജനമനസ് തിരിച്ചറിയുന്ന രമേശ് ചെന്നിത്തല ഇത് പറയുമ്പോൾ അത് യാഥാർത്ഥ്യമാണ്. ജനുവരി 31ന് കുമ്പളയിൽ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പതാക കൈമാറി ആരംഭിച്ച ഐശ്വര്യ കേരള യാത്ര കേരളമാകെ പടർന്ന് ആവേശമായി മാറുകയാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ യാത്രയെ വരവേൽക്കാൻ ജനം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നതാണ് കാണാനാകുന്നത്. പിണറായി സർക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നുവന്ന് ജനാധിപത്യ കേരളത്തിന് ബോധ്യമായി. ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ജനം സ്വയം തോളിലേറ്റുമ്പോൾ ഓരോ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും ഊർജ്ജം ഉൾകൊള്ളുകയാണ് യു.ഡി.എഫ് നേതൃത്വം.

ഇടതു ദുർഭരണത്തിന്‍റെ ജനവിരുദ്ധ നയങ്ങൾ യാത്രയിൽ അക്കമിട്ട് നിരത്തുമ്പോൾ ജനം അത് എറ്റെടക്കുന്നു. ഭരണം ഏറ്റെടുത്തത് മുതൽ പിണറായി സർക്കാർ നടത്തിയ ജനവിരുദ്ധ പ്രവർത്തനങ്ങളും രമേശ് ചെന്നിത്തല ജനങ്ങളെ ഓർമ്മിപ്പിച്ചു. സ്വർണ്ണക്കടത്ത് കേസ്, സ്പ്രിങ്ക്ളർ അഴിമതി, അക്രമ കൊലപാതക രാഷ്ട്രായം, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, ബിനീഷ് കോടിയേരി വിഷയം മാവോയിസ്റ്റുകളിലെ വെടിവെച്ചുകൊന്നത്, കസ്റ്റഡി മരണങ്ങൾ, ലൈഫ് മിഷൻ തട്ടിപ്പ്, മസാല ബോണ്ട് തട്ടിപ്പ്, കിഫ്ബി, മാർക്ക് ദാനം, വിലക്കയറ്റം, പ്രളയ പുനർനിർമ്മാണത്തിലെ വീഴ്ച തുടങ്ങിയവയല്ലാം യാത്രയിൽ ചർച്ചയായി. യാത്രയിലെ യുവജന പങ്കാളിത്തവും ശ്രദ്ധേയമായി. ലക്ഷക്കണക്കിന് പി.എസ്.സി ഉദ്യോർത്ഥികളെ നോക്കുകുത്തിയാക്കി സഖാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നൽകിയ സർക്കാരിനോടുള്ള യുവജന രോഷവും യാത്രയിൽ പ്രകടമാവുകയാണ്.

 

 

ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിന് യു.ഡി.എഫ് നിയമനിർമ്മാണം നടത്തുമെന്ന പ്രഖ്യാപനവും ജനം സ്വീകരിച്ചു .കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടികളും കർഷക സമരവും കോർപ്പറേറ്റ് വത്ക്കരണവും ജനങ്ങളെ ബോധ്യപ്പെടുത്താൻ യാത്രയ്ക്ക് കഴിഞ്ഞു. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്താനുള്ള സി.പി.എം നീക്കത്തെ തള്ളി മതേതര ഐക്യത്തെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു യാത്ര. ഐശ്വര്യ കേരള യാത്രയിലൂടെ പിണറായി സർക്കാർ ജനകീയ കോടതിയിൽ വിചാരണ ചെയ്യപ്പെടുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ ഐശ്വര്യ കേരള യാത്ര തരംഗമായി മാറുകയാണ്. നിറഞ്ഞുകവിയുന്ന യോഗങ്ങൾ കേരള ജനതയോട് വിളിച്ചു പറയുന്നത് വരുന്ന തെരഞ്ഞടുപ്പിൽ ഇടതു കോട്ടകൾ തകർക്കപ്പെടുമെന്നാണ്. കേരളം ഒരുങ്ങിക്കഴിഞ്ഞു യു.ഡി.എഫിന്‍റെ ഐശ്വര്യ കേരളത്തിനായി.