ആവേശമായി ഐശ്വര്യ കേരളയാത്ര ; കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി, നാളെ തിരുവനന്തപുരം ജില്ലയില്‍

Jaihind News Bureau
Friday, February 19, 2021

 

കൊല്ലം : ആവേശം അലതല്ലിയ സ്വീകരണ പരമ്പരകളോടെ രണ്ട് ദിവസമായി കൊല്ലത്ത് നടന്നുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.

രണ്ടാം ദിനമായ ഇന്ന് രാവിലെ കുണ്ടറയിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് കുന്നത്തൂർ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് ചവറ ഇടപ്പള്ളിക്കോട്ടയിൽ ആയിരങ്ങൾ ജാഥയെ വരവേറ്റു. പിന്നീട് ചിന്നക്കടയിൽ എത്തിയ യാത്രയ്ക്ക് കൊല്ലം ഇരവിപുരം മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി.

കന്‍റോൺമെന്‍റ് മൈതാനത്ത് ചേർന്ന ജില്ലയിലെ പര്യടനത്തിന്‍റെ സമാപന സമ്മേളനം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്തു. നടൻ ധർമ്മജൻ ബോൾഗാട്ടി പ്രതിപക്ഷ നേതാവിനും ഐശ്വര്യ കേരള യാത്രയ്ക്കും പിന്തുണയും അഭിവാദ്യങ്ങളുമായി സമാപന സമ്മേളന വേദിയിലെത്തി.