ദ്വീപില്‍ കിറ്റ് നല്‍കണമെന്ന ഹര്‍ജിയും ഐഷ സുല്‍ത്താനയുടെ ഹര്‍ജിയും ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയതില്‍ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജിയും ദ്വീപില്‍ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ  പരാമർശം തെറ്റായി വ്യാഖ്യാനിച്ച് ആണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ഐഷ സുല്‍ത്താന ചൂണ്ടിക്കാട്ടുന്നു. പരമാർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തത വരുത്തിയതായും ഐഷാ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലോക്ക്ഡൗൺ കഴിയുന്നതുവരെ ദ്വീപിൽ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് വിവിധ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. പ്രതിഷേധങ്ങള്‍ക്കിടെ ഇന്നലെയാണ് പട്ടേല്‍ ദ്വീപിലെത്തിയത്. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ഇന്നലെ ദ്വീപില്‍ കരിദിനം ആചരിച്ചു. ഭാവി പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് ഓൺലൈൻ മീറ്റിംഗും വിളിച്ചിട്ടുണ്ട്.

Comments (0)
Add Comment