കവരത്തി : ബയോവെപ്പണ്‍ പരാമര്‍ശത്തിലെ രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുൽത്താനയോട് 3 ദിവസം കൂടി ദ്വീപിൽ തുടരാൻ പൊലീസ് നിർദേശിച്ചിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന. നേരത്തെ ഹൈക്കോടതി ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഐഷക്കെതിരെ ലക്ഷദ്വീപ് കളക്ടറും രംഗത്തെത്തി. ഐഷ സുൽത്താന കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അസ്ഗർ അലിയുടെ താക്കീത്. ദ്വീപില്‍ മൂന്നുദിവസം തുടരേണ്ടത് ഹോം ക്വാറന്‍റൈനിലാണെന്നും ഇത് ഐഷ ലംഘിച്ചെന്നുമാണ് കളക്ടറുടെ കണ്ടെത്തല്‍. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
ഇതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാന്‍ അനുമതി തേടി യുഡിഎഫ് എംപിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ദ്വീപ് ഭരണകൂടം ഇന്ന് വിശദീകരണം നൽകും.