ടിക്കറ്റ് നിരക്ക് പരിധി: വര്‍ഷം മുഴുവന്‍ നിയന്ത്രണം അപ്രായോഗികം; നിരക്ക് വര്‍ധനവെന്ന് തിരക്ക് നിയന്ത്രിക്കാനെന്ന് വ്യോമയാന മന്ത്രി

Jaihind News Bureau
Saturday, December 13, 2025

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് വര്‍ഷം മുഴുവന്‍ ഒരു ഏകീകൃത പരിധി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു ലോക്സഭയില്‍ വിശദീകരിച്ചു. വിവിധ സീസണുകളിലും പ്രത്യേക സാഹചര്യങ്ങളിലും ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഉയര്‍ന്ന നിരക്കുകള്‍ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

രാജ്യത്ത് വ്യോമയാന മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് നിരക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങളില്ലാത്ത രാജ്യങ്ങളില്‍ വ്യോമയാന മേഖല ശക്തമായി നിലനില്‍ക്കുന്നു. ഈ മേഖലയിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാനും മത്സരശേഷി വര്‍ധിപ്പിക്കാനും വിപണിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ആവശ്യമാണ്.

എന്നാല്‍, വിപണിക്ക് സ്വയം നിയന്ത്രണത്തിനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെങ്കിലും അമിതമായ വിലവര്‍ദ്ധനവ് ഉണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്. ഉത്സവ സീസണുകളിലെ നിരക്ക് വര്‍ധന സംബന്ധിച്ചുള്ള ആശങ്കകളോടാണ് മന്ത്രിയുടെ പ്രതികരണം. കോവിഡ് മഹാമാരിയുടെ സമയത്തും, ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് കാരണം ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നപ്പോഴും, മറ്റ് അസാധാരണ തിരക്ക് നേരിട്ട സന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ ടിക്കറ്റ് നിരക്കുകള്‍ക്ക് താത്കാലിക പരിധി നിശ്ചയിച്ച് യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ടിക്കറ്റ് നിരക്കുകള്‍ ന്യായമായ പരിധിയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

യാത്രക്കാര്‍ക്കായി ‘ഫെയര്‍ സേ ഫുര്‍സത്’ എന്ന പദ്ധതിയില്‍ 25 റൂട്ടുകളില്‍ നിശ്ചിത നിരക്കിന് യാത്ര ചെയ്യാന്‍ സൗകര്യമുണ്ടെന്നും ദക്ഷിണേന്ത്യയിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഇത്തരം സര്‍വീസുകള്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. മറ്റ് രാജ്യങ്ങളിലെ നിരക്ക് വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിരക്ക് വര്‍ദ്ധന താരതമ്യേന കുറവാണെന്നും കെ. രാംമോഹന്‍ നായിഡു സഭയില്‍ കൂട്ടിച്ചേര്‍ത്തു.