വായു ഗുണനിലവാരം ഏറ്റവും മോശം, വിഷപ്പുകയില്‍ ശ്വാസംമുട്ടി കൊച്ചി: ഉത്തരവാദിത്വമില്ലെന്ന് കരാർ കമ്പനി; തീ അണയ്ക്കാന്‍ അമേരിക്കയില്‍ നിന്ന് വിദഗ്ധോപദേശം തേടി ജില്ലാ ഭരണകൂടം

Jaihind Webdesk
Sunday, March 12, 2023

 

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കൊച്ചിയിലെ വായു ഏറ്റവും മോശമായ നിലയില്‍. വായു ഗുണനിലവാരത്തില്‍ 11-ാം ദിവസവും മാറ്റമില്ല. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന അളവില്‍ വായു ഗുണനിലവാരം തുടരുന്നതോടെ വിഷപ്പുകയില്‍ വലയുകയാണ് കൊച്ചി. അതേസമയം ബ്രഹ്മപുരത്തെ തീപിടിത്തത്തിലും മാലിന്യസംസ്കരണത്തിലും ഉത്തരവാദിത്വമില്ലെന്ന് കാട്ടി സോൺട കമ്പനി കൈകഴുകി.

ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർ‍ട്ട്മെന്‍റിന്‍റെ വിദഗ്ധോപദേശം തേടി. ന്യൂയോർക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ചർച്ച നടത്തി. തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും തീ ആളാനുളള സാധ്യതയുളളതിനാൽ ബ്രഹ്മപുരത്ത് നിരന്തര നീരീക്ഷണം നടത്തണം. ഇക്കാര്യം മുന്‍നിർത്തി അഗ്നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും ജോർജ് ഹീലീ പറഞ്ഞു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ (ഐഐടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

11-ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ് കൊച്ചിയിലെ വായു ഗുണനിലവാരം. നേരത്തെ 300 നും മുകളില്‍ പോയ വായു ഗുണനിലവാരം (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) ഞായറാഴ്ച രാവിലെ 220 പിന്നിട്ട നിലയിലാണെന്നാണ് കണക്കുകള്‍. 50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതൽ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 101-ന് മുകളിൽ മോശം നിലയും 201 ന് മുകളിൽ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. 301 ന് മുകളിൽ എത്തുന്നത് അതിഗുരുതരമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു.

ഞായാറാഴ്ച രാവിലത്തെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളിൽ 94-ാം സ്ഥാനത്താണ് കൊച്ചി. ഏറ്റവും മോശം ശരാശരി വായു ഗുണനിലവാരം ഉണ്ടായിരുന്നത് ചൊവ്വാഴ്ചയാണ്. മാർച്ച് ഏഴിന് 294 ആയിരുന്നു എയർ ക്വാളിറ്റി ഇൻഡക്സ്. മാർച്ച് അഞ്ചിന് ശരാശരി വായു ഗുണനിലവാരം 282 വരെ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒമ്പത് മണിക്ക് രേഖപ്പെടുത്തിയ കണക്കുപ്രകാരം ശരാശരി വായുനിലവാരം 257 ആയിരുന്നു. ശനിയാഴ്ച 11 മണിക്ക് വായുനിലവാരം 300 തൊട്ടിരുന്നു. ഞായറാഴ്ച രാവിലെ വായുഗുണനിലവാരം 200 ന് മുകളിലാണ്.

ഇതിനിടെ ബ്രഹ്മപുരത്തെ തീപിടിത്തത്തിലും മാലിന്യസംസ്കരണത്തിലും ഉത്തരവാദിത്വമില്ലെന്ന് കാട്ടി സോൺട കമ്പനി വാർത്താക്കുറിപ്പിറക്കി. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ മാലിന്യസംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൺട കമ്പനി പറയുന്നു. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവ മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്തം. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺട കൈകാര്യം ചെയ്യേണ്ടതല്ലെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറയുന്നു. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം മാലിന്യങ്ങളിൽ നിന്നുള്ള മീഥേൻ ബഹിർഗമനവും കനത്ത ചൂടുമാണെന്നാണ് സോൺട കമ്പനിയുടെ വാദം. അതേസമയം കമ്പനിക്ക് കരാർ നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംശയനിഴലിലാണ്. കരാറുകാര്‍ തന്നെ തീകത്തിച്ചതാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.