മലിനവായുവും മൂടല്‍ മഞ്ഞും: ശ്വാസം മുട്ടി ഡല്‍ഹി; നിയന്ത്രണങ്ങളുമായി സർക്കാർ

Jaihind Webdesk
Tuesday, December 26, 2023

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് കൂടി ആയതോടെ വായുമലിനീകരണം അതിരൂക്ഷം. മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ. മൂടൽ മഞ്ഞു ശക്തമായതോടെ വീണ്ടും മലിനീകരണം വർധിച്ചിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 400 പോയിന്‍റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഇതിന്‍റെ ഭാഗമായി ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ബിഎസ് 3 പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. നിരോധനം മറികടന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അടിയന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡൽഹിയിൽ നിർമ്മാണപ്രവർത്തനങ്ങൾ, ഖനനം തുടങ്ങിയവ നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.