പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും ചിത്രം ഉള്‍പ്പെടുത്തിയ ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പരസ്യം പതിച്ച ബോർഡിങ് പാസുകൾ എയർ ഇന്ത്യ പിൻവലിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻെറ ലംഘനമാണെന്ന യാത്രക്കാരന്റെ പരാതിയെ തുടർന്നാണ് ബോർഡിങ് പാസുകൾ പിൻവലിക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.
മുൻ പഞ്ചാബ് ഡിജിപി ശശികാന്ത് ആണ് ഈ വിഷയം ഉയർത്തിക്കാട്ടിയത്. ഡൽഹിയിൽ നിന്ന് ചണ്ഡിഗഡിലേക്കുള്ള യാത്രാമദ്ധ്യേ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കിട്ടിയ ബോർഡിങ് പാസിന്റെ ഫോട്ടോ സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു.
At New Delhi airport today March 25th, 2019.
My Air India Boarding Pass, prominently flashes Narendra Modi, “Vibrant Gujrat” & Vijay Rupani. Picture of boarding pass is below.
Wonder why we are wasting public money on this Election Commission, which doesn’t see, hears or speak… pic.twitter.com/7t49cNIlAR— Shashi Kant IPS (@shashikantips54) March 25, 2019
‘എന്റെ എയര്‍ ഇന്ത്യ ബോർഡിങ് പാസിൽ നരേന്ദ്ര മോദി, വൈബ്രൻറ് ഗുജറാത്ത്, വിജയ് രൂപാണി എന്നിവരുടെ ചിത്രങ്ങള്‍ എടുത്തു കാണിക്കുന്ന വിധത്തില്‍ പ്രാധാന്യത്തോടെ അച്ചടിച്ച് കാണപ്പെടുന്നു. പാസിന്റെ ചിത്രം ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഇതൊന്നും കാണുകയോ കേൾക്കുകയോ പറയുകയോ ചെയ്യാത്ത തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി എന്തിനാണ് നമ്മൾ പൊതു പണം കളയുന്നത്’ അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ പൊതുഗതാഗതത്തിനുള്ള ബസ്, ട്രെയിന്‍ എന്നിവിടങ്ങളിലോ അതില്‍ നല്കുന്ന ടിക്കറ്റുകളിലോ ഒന്നും തന്നെ സർക്കാറിന്റെ നേട്ടങ്ങൾ കാണിക്കുന്ന ചിത്രങ്ങളോ പ്രധാനമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ ചിത്രങ്ങള്‍ പതിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഇത്തരം ടിക്കറ്റുകൾ നൽകരുതെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യൻ റെയിൽവെയും വിവിധ സോണുകൾക്ക് നിർദേശം നൽകിയിരുന്നു. പെരുമാറ്റ ചട്ട ലംഘനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.