ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യയുടെ എഐ 315 വിമാനത്തിലാണ് ലാന്‍ഡ് ചെയ്തതിന് ശേഷം തീപിടിച്ചത്. യാത്രക്കാര്‍ ഇറങ്ങിക്കൊണ്ടിരിക്കെ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റില്‍ (APU) തീ പടരുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രം വന്‍ ദുരന്തം ഒഴിവായി. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അന്വേഷണം ആരംഭിച്ചുവെന്നും എയര്‍ ഇന്ത്യ വക്താവ് ആവര്‍ത്തിച്ചു.
തുടര്‍ക്കഥയാവുകയാണ് അപകടങ്ങള്‍. ഇന്നലെ മാത്രം രണ്ട് ഗുരുതര സംഭവങ്ങളാണ് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ടേക്ക് ഓഫ് റദ്ദാക്കി: ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 160 യാത്രക്കാരുമായി പുറപ്പെടാന്‍ തുടങ്ങിയ എഐ 2403 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരെ സുരക്ഷിതമായി തിരിച്ചിറക്കിയ ശേഷം വിമാനം മണിക്കൂറുകള്‍ വൈകിയാണ് യാത്ര തിരിച്ചത്.
റണ്‍വേയില്‍ നിന്ന് തെന്നിമാറി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പോയ എഐ 2744 വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനത്തിന്റെ ഒരു എഞ്ചിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ വിമാനത്തിലെയും യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
രാജ്യത്തിന്റെ അഭിമാനമായിരുന്ന എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ഈ തുടര്‍ അപകടങ്ങള്‍ക്ക് മറുപടി പറയേണ്ടതും സര്‍ക്കാര്‍ തന്നെയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഒരേ വിമാനക്കമ്പനിയുടെ മൂന്ന് വിമാനങ്ങള്‍ക്ക് ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നത് നിസ്സാരമായി കാണാനാവില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡിജിസിഎ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. ലാഭത്തിന് മാത്രം മുന്‍ഗണന നല്‍കി, യാത്രക്കാരുടെ ജീവന്‍ പന്താടുന്ന എയര്‍ ഇന്ത്യയുടെ പുതിയ മാനേജ്‌മെന്റിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.