വിമാനത്തിന്റെ രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന ഒഴുക്ക് നഷ്ടപ്പെട്ടതാണ് രാജ്യം നടുങ്ങിയ അഹമ്മാദാബാദ് വിമാന ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ടേക്ക് ഓഫ് ചെയ്ത് 32 സെക്കന്‍ഡ് മാത്രമാണ് വിമാനം പറന്നത്. ഫ്‌ലൈറ്റ് റെക്കോര്‍ഡിലെ വിവരങ്ങള്‍ പ്രകാരം വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് എന്തിനെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്ന ശബ്ദം വിമാനത്തിലെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡില്‍ നിന്നും ലഭിച്ചു.
ടേക്ക് ഓഫിനു മുന്‍പ് രണ്ടു എന്‍ജിനുകളും ശരിയായി പ്രവര്‍ത്തിച്ചിരുന്നു. എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന രണ്ട് സ്വിച്ചുകളുണ്ട്. മാനുവലായി പ്രവര്‍ത്തിപ്പിച്ചാലേ ഇവ ‘റണ്‍’ പൊസിഷനില്‍നിന്ന് ‘ഓഫ്’ പൊസിഷനിലേക്ക് പോകൂ. ഇടതു വശത്താണ് ഒന്നാമത്തെ എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച്. വലതുവശത്ത് രണ്ടാമത്തെ എന്‍ജിന്റെ സ്വിച്ച്. സ്വിച്ചുകള്‍ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കന്‍ഡുകള്‍ കഴിഞ്ഞ് ഒന്നാം എന്‍ജിന്റെയും നാല് സെക്കന്‍ഡുകള്‍ കഴിഞ്ഞ് രണ്ടാമത്തെ എന്‍ജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകര്‍ന്നു വീണു. വീണ്ടും ഓണാക്കിയ എന്‍ജിന്‍ പ്രവര്‍ത്തന സജ്ജമാകാന്‍ രണ്ടു മിനിട്ടിലേറെ സമയമെടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ‘മെയ് ഡേ’ സന്ദേശം ലഭിക്കുന്നതിന് പതിമൂന്ന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് മാത്രമാണ് ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ‘കട്ട് ഓഫില്‍’ നിന്ന് ‘റണ്ണ’ിലേക്ക് മാറ്റിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞദിവസമാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരു മാസമാകുന്ന ദിവസമാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. അന്വേഷണ സംഘത്തിന് ലഭിക്കുന്ന അധിക വിവരങ്ങള്‍ അവലോകനം ചെയ്ത് പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഒരു കനേഡിയനും 7 പോര്‍ച്ചുഗീസുകാരും ഉള്‍പ്പെടെ 241 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് മാത്രമാണ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.