29 മണിക്കൂര്‍ നീണ്ട ദുരിതം; ദുബായ് – തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഒടുവില്‍ നാട്ടിലെത്തി

Jaihind News Bureau
Thursday, December 18, 2025

 

തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങളെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 29 മണിക്കൂറിന് ശേഷം തിരുവനന്തപുരത്തെത്തി. ബുധനാഴ്ച രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് (ഇന്ത്യന്‍ സമയം) യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചത്. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന വൈകല്‍ നടപടികളില്‍ ഒന്നായി ഇത് മാറി.

കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറ്റിയമ്പതോളം യാത്രക്കാരാണ് ഒരു പകലും ഇരവും വിമാനത്താവളത്തില്‍ കുടുങ്ങിയത്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസികള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. പിതാവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ദുബായ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

കൃത്യമായ വിവരങ്ങള്‍ നല്‍കാനോ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനോ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തയ്യാറാകാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമ ഇടപെടലുകള്‍ക്ക് പിന്നാലെയാണ് വിമാനം പുറപ്പെടാനുള്ള നടപടികള്‍ വേഗത്തിലായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. എന്നാല്‍ 29.5 മണിക്കൂര്‍ എന്ന റെക്കോര്‍ഡ് സമയം വിമാനം വൈകിയത് പ്രവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.