ദുബായിൽ എയർ ഇന്ത്യ ഡ്രീംലൈനർ സർവീസ് ‘ഡ്രീം’ മാത്രമായി ; മുപ്പതിലധികം പേരുടെ യാത്ര മുടങ്ങി

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിന്‍റെ സീറ്റുകളുടെ എണ്ണം പൊടുന്നനെ വെട്ടിക്കുറച്ചത് മൂലം നിരവധി പേരുടെ യാത്ര മുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ഉറപ്പാക്കി വിമാനത്താവളത്തിൽ എത്തിയ മുപ്പത്തിലധികം പേരുടെ യാത്ര ഇതോടെ തടസപ്പെട്ടു. എയർ ഇന്ത്യയുടെ ഡ്രീം ലൈനർവിമാനമായ ബോയിംഗ് 777 ആണ് റദ്ദാക്കിയത്. തുടർന്ന് എയർബസ് 320 വിമാനത്തിലാണ് യാത്ര പുറപ്പെട്ടത്. മുന്നൂറിലധികം യാത്രക്കാർ പോകേണ്ടിയിരുന്ന വിമാനമാണ് അവസാന നിമിഷത്തിൽ 170 ഓളം പേർ യാത്രചെയ്യുന്ന ചെറിയ വിമാനത്തിലേക്ക് മാറ്റിയത്. ഇതിനെ തുടര്‍ന്ന് യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മില്‍ തർക്കവുമുണ്ടായി.

യു.എ.ഇയിൽ സ്കൂൾ അവധി സമയമായതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ യാത്രാ തിരക്ക് ഉണ്ടായിരുന്നു. ബുധനാഴ്ച യു.എ.ഇ സമയം ഉച്ചയ്ക്ക് 1.45 ന് പോകേണ്ട വിമാനത്തിലാണ് ഈ ദുരവസ്ഥ. കൂടുതൽ പണം കൊടുത്ത് സീറ്റുകൾ ബുക്ക്ചെയ്തവരും കുട്ടികളുള്ള കുടുംബങ്ങളും ദുരിതത്തിലായി. സാങ്കേതിക കാരണമാണ് വിമാനം റദ്ദാക്കാൻ കാരണമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഏപ്രിൽ മാസം വരെ ഇനി ഡ്രീംലൈനർ വിമാനം സർവീസ് നടത്തില്ലെന്നും അറിയുന്നു. അതേ സമയം വിമാനബുക്കിംഗിൽ ഇപ്പോഴും ഡ്രീം ലൈനർ വിമാനം ആണെന്ന് പറഞ്ഞാണ് എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കുന്നതെന്ന് ട്രാവൽ എജൻസികളും പരാതിപ്പെടുന്നു.

air india dreamliner
Comments (0)
Add Comment