ദുബായ് : കൊവിഡ് ആശങ്കയിലായ ഗള്‍ഫിലെ പ്രവാസി മലയാളികളുടെ, ഇന്ത്യയിലേക്കുള്ള മടക്കയാത്ര സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നയം വ്യക്തമാക്കിയതിന് പിന്നാലെ, ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ഇന്ത്യയും, മെയ് 31 വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെ, പ്രവാസികളുടെ മടക്കയാത്ര മോഹങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.
എയര്‍ഇന്ത്യയുടെ പുതിയ നിലപാട് വഴി, യുഎഇയിലെ പ്രവാസികളെ ഉടന്‍ തിരിച്ചയയ്ക്കാമെന്ന പ്രതീക്ഷ, ഇല്ലാതായിരിക്കുകയാണ്. 2020 മെയ് 31 വരെ സര്‍വീസ് റദ്ദാക്കുകയാണെന്ന്, എയര്‍ ഇന്ത്യ ശനിയാഴ്ച പ്രഖ്യാപിച്ചതോടെയാണിത്. ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍, മെയ് മാസം മൂന്നു വരെ നീട്ടിയെങ്കിലും, പ്രവാസികളുടെ നാട്ടിലേക്കുള്ള, മടക്കയാത്ര തടസ്സങ്ങള്‍ ഇല്ലാതെ നടക്കുമെന്നായിരുന്നു പ്രവാസ ലോകത്തെ ഏകപ്രതീക്ഷ.
കൂടാതെ, വിവിധ രാജ്യങ്ങളിലെ കൊവിഡ് പ്രശ്‌നങ്ങള്‍ കൂടി അടിസ്ഥാനമാക്കി, മെയ് 31 വരെ എയര്‍ഇന്ത്യ ബുക്കിങ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍, എയര്‍ഇന്ത്യയിലും, എയര്‍ഇന്ത്യാ എക്‌സ്പ്രസ്സിലും ജൂണ്‍ ഒന്ന് മുതല്‍ , രാജ്യാന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, എയര്‍ഇന്ത്യയുടെ പാത പിന്‍തുടര്‍ന്ന്, മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികളും സര്‍വീസുകള്‍ വീണ്ടും നീട്ടുമോയെന്നും ആശങ്കയുണ്ട്. അങ്ങിനെയെങ്കില്‍, ഈ കൊവിഡ് കാലഘട്ടത്തില്‍, അത് പ്രവാസികളുടെ യാത്രാ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ, രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരു വശത്ത് നടന്ന് വരുകയാണ്. അപ്പോഴാണ്, മറുവശത്ത്, ഇനിയും ഒന്നര മാസത്തേയ്ക്ക് കൂടി സര്‍വീസ് നിര്‍ത്തിവെച്ചുള്ള ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയുടെ ഈ നടപടി.