ദുരിത ബാധിതർക്കായി എഐസിസി നൂറിലധികം വീടുകൾ നിർമ്മിച്ച് നൽകും; ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി

 

വയനാട്: വയനാട്ടിലെ ദുരിത ബാധിതർക്കായി എഐസിസി നൂറിൽ അധികം വീടുകൾ നിർമ്മിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ശാന്ധി. ദുരിത ബാധിതർക്ക് എത്രയും വേഗം പുനരധിവാസം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭയിൽ വയനാട്ടിലെ ദുരിതം വീണ്ടും താൻ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി വയനാട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും മേപ്പാടിയിൽ നടന്നു.

കഴിഞ്ഞ ദിവസം ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയും സന്ദർശിച്ചതിന്‍റെ അടിസ്ഥാനത്തിൽ രാവിലെ രാഹുൽ ഗാന്ധി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിൽ ചേർന്നു. യോഗത്തിന് ശേഷമാണ് ചൂരൽമലയിലെ ദുരിതബാധിതർക്ക് നൂറിലധികം വീടുകൾ നിർമ്മിച്ച് നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.

ദുരിത ബാധിതർക്ക് എത്രയും വേഗം മറ്റെവിടെയെങ്കിലും പുനരധിവാസം നടപ്പാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വലിയ ദുരന്തമാണ് വയനാട്ടിൽ നടന്നിട്ടുള്ളത്. രാജ്യത്തെ എല്ലായിടത്തു നിന്നുമുള്ള സഹായം ദുരിത ബാധിതർക്ക് അത്യാവശ്യമാണ്. വിഷയം ലോക്സഭയിൽ താൻ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.  രാവിലെ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍, എം.കെ. രാഘവൻ എംപി, യുഡിഎഫ് എംഎല്‍എമാർ, ജില്ലാ കലക്ടർ, എഡിജിപി എം.ആർ. അജിത്കുമാർ, ഐജി സേതുമാധവൻ, ഡിഎംഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗശേഷം രാഹുൽ ഗാന്ധി ചൂരൽമല ഇന്നും സന്ദർശിച്ചു.

Comments (0)
Add Comment