എഐസിസി ന്യൂനപക്ഷ വകുപ്പ് പുനഃസംഘടിപ്പിച്ചു; ഡി.കെ. ബ്രിജേഷ് വൈസ് ചെയർമാന്‍

Jaihind Webdesk
Thursday, October 26, 2023

 

ന്യൂഡല്‍ഹി: എഐസിസി ന്യൂനപക്ഷ വകുപ്പ് പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുന്‍ ഖാർഗെ അംഗീകാരം നല്‍കി. 11 വൈസ് ചെയർമാന്‍മാരും 34 ദേശീയ കോർഡിനേറ്റർമാരും 23 ജോയിന്‍റ് കോർഡിനേറ്റർമാരും അടങ്ങുന്നതാണ് പട്ടിക.  സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രയിൽ നിന്നുള്ള എംപിയായ ഇമ്രാൻ പ്രതാപ് ഗർഹിയാണ് ന്യൂനപക്ഷ വകുപ്പിന്‍റെ ചെയർമാൻ. ഡി.കെ. ബ്രിജേഷ്, അഡ്വ. അനില്‍ തോമസ് എന്നിവരുള്‍പ്പെടെ 11 പേരാണ് വൈസ് ചെയർമാന്‍മാർ. ഹെൻറി ഓസ്റ്റിന്‍, ജോഗി ചെറിയാന്‍ എന്നിവരുള്‍പ്പെടെ 34 പേരാണ് കോർഡിനേറ്റർമാരുടെ പട്ടികയിലുള്ളത്. 23 ജോയിന്‍റ് കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു.

വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഡി.കെ. ബ്രിജേഷ്, കർണാടകയിൽ നിന്നുള്ള കെപിസിസി അംഗമാണ്. കർണ്ണാടക യൂത്ത് കോൺഗ്രസ് കോ-ഓർഡിനേറ്ററായിരുന്നു. കേരള സ്റ്റുഡന്‍റ്‌സ് യൂണിയൻ സ്ഥാപക നേതാവായിരുന്ന അഡ്വ. കെ.ഡി. ദേവസ്യയുടെയും റോസമ്മയുടെയും മകനാണ്. തലശേരി കൈതക്കേൽ കുടുംബാംഗം. സംഘടനാ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വകുപ്പിന്‍റെ നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടക പിസിസി ന്യൂനപക്ഷ വകുപ്പിന്‍റെ മുൻ വൈസ് ചെയർമാനായിരുന്നു.