ഐഎന്‍ടിയുസിയുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതി രൂപീകരിച്ച് എഐസിസി; കെ മുരളീധരന്‍ എംപി അഞ്ചംഗ സമിതിയില്‍

Jaihind Webdesk
Saturday, December 24, 2022

 

ന്യൂഡല്‍ഹി: ഐഎൻടിയുസിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും അഞ്ചംഗ സമിതിക്ക് എഐസിസി രൂപം നൽകി. കെ മുരളീധരൻ എംപി സമിതിയില്‍ അംഗമാണ്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറാണ് ഏകോപന സമിതിയുടെ കൺവീനർ.

കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ സോണിയാ ഗാന്ധി നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഏകോപന സമിതിക്ക് രൂപം നല്‍കിയത്. ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുന്‍ ഖാർഗെ, ദിഗ്‌വിജയ് സിംഗ് എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിച്ച് എത്രയും വേഗം ഐഎൻടിയുസി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും എഐസിസി നിർദ്ദേശിച്ചു.

താരിഖ്അൻവർ, ഹരീഷ് റാവത്ത്, കെ മുരളീധരൻ, രാജ്മണി പട്ടേൽ, ഉദിത് രാജ് എന്നിവരാണ് അഞ്ചംഗ ഏകോപന സമിതിയിലെ അംഗങ്ങൾ. ഐഎന്‍ടിയുസിയുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുക, സമയാസമയങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന് റിപ്പോർട്ട് നല്‍കുക തുടങ്ങിയവയാണ് അഞ്ചംഗ സമിതിയുടെ ചുമതലകള്‍. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.