റോഡില്‍ ഷോ കാണിച്ചാല്‍ ഇനി എട്ടിന്‍റെ പണി; നാളെ മുതല്‍ എഐ ക്യാമറകള്‍ മിഴി തുറക്കും

Jaihind Webdesk
Wednesday, April 19, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴയിടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ക്യാമറകള്‍ നാളെ മുതല്‍ മിഴി തുറക്കും. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്രകള്‍ അടക്കം അഞ്ച് നിയമലംഘനങ്ങള്‍ക്കാണ് തുടക്കത്തില്‍ പിഴ ഈടാക്കുന്നത്. എന്നാല്‍ ഓവര്‍ സ്പീഡ് അടക്കം കണ്ടെത്താനുള്ള സംവിധാനങ്ങള്‍ പൂർണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല.

225 കോടി രൂപ മുടക്കി സ്ഥാപിച്ച 675 എഐ ക്യാമറകള്‍ ഉള്‍പ്പെടെ 726 ക്യാമറകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തക്ഷമമാകുന്നത്. കേരളത്തിലെ എല്ലാ പ്രധാന റോഡുകളിലും ഇനി മുതൽ ഈ ക്യാമറകളുടെ നീരീക്ഷണമുണ്ടാകും. ഹെല്‍മറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈൽ ഫോണിൽ സംസാരിച്ചുള്ള യാത്ര ഇങ്ങനെയുളള അഞ്ച് കുറ്റകൃത്യങ്ങളാണ് എഐ ക്യാമറകൾ ആദ്യം പിടികൂടുക. പുതിയ സംവിധാനങ്ങൾ നിലവിൽ വരുന്ന ആശങ്കയിലാണ് വാഹന യാത്രക്കാർ.

എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്‌സിലുള്ള വിഷ്വല്‍ പ്രൊസസിംഗ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ഡ്രൈവറുടെ ഫോട്ടോയും മോട്ടോര്‍വാഹനവകുപ്പിന്‍റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും. നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ ആയിരിക്കും പിഴ പിന്നാലെ എത്തുക.

ആറുമാസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമാണ് ഒരു ക്കിയിട്ടുള്ളത്. എന്നാല്‍ ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ചാല്‍ പിടിക്കപ്പെടാന്‍ സാധ്യത കുറവാണ്. സിഗ്നലും വാഹനവും ഒന്നിച്ചു പതിയുന്ന രീതിയില്‍ അല്ല പല ക്യാമറകളുടെയും സ്ഥാനം. ഇതുകൂടാതെ അമിത വേഗം കണ്ടെത്തുവാനും ആദ്യ ഘട്ടത്തിൽ പരിമിതിയുണ്ട്.