തിരുവനന്തപുരം: എഐ ക്യാമറയിൽ കെൽട്രോണും സർക്കാരും തമ്മിൽ വീണ്ടും കൊമ്പുകോർക്കുന്നു. പിഴ ചുമത്തുന്നതിന് നോട്ടിസ് അയക്കണമെങ്കിൽ പ്രത്യേകം പണം നൽകണമെന്ന് ആവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. നോട്ടിസൊന്നിന് 20 രൂപവെച്ച് നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യം കരാറിൽ ഇല്ലാത്തതിനാൽ പണം നൽകാൻ ആകില്ല എന്ന നിലപാടിലാണ് സർക്കാർ .
എഐ ക്യാമറ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിന് നോട്ടിസ് അയക്കുന്നതിൽ കെൽട്രോണും സർക്കാരും തമ്മിൽ ഇടയുകയാണ്. ജൂണ്‍ മാസം മുതലാണ് എഐ ക്യാമറ വഴിയുള്ള നിയമ ലംഘനങ്ങൾക്ക് നോട്ടിസ് അയച്ച് തുടങ്ങിയത്. 25 ലക്ഷം നോട്ടിസ് അയച്ചു കഴിഞ്ഞാൽ പിന്നെ സർക്കാർ പണം നൽകിയാൽ മാത്രമേ നോട്ടിസ് അയക്കൂ എന്ന നിലപാടിലാണ് കെൽട്രോണ്‍. നോട്ടിസ് ഒന്നിന് 20 രൂപവച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. കരാറിൽ ഇല്ലാത്ത കാര്യമായതിനാൽ പണം നൽകാനില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. ഇതോടെ തർക്കം മുറുകുകയാണ്.
പ്രതിവർഷം 25 ലക്ഷം നോട്ടിസുകൾ അയക്കുമെന്ന കെൽട്രോണിന്‍റെ പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ആദ്യ കരാർ രൂപപ്പെട്ടത്. എന്നാൽ ഗതാഗത വകുപ്പും കെൽട്രോണുമായുള്ള കരാറിൽ എത്ര നോട്ടിസ് എന്നോ ഇതിന്‍റെ ചിലവ് ആര് വഹിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതാണ് വലിയ തർക്കത്തിന് വഴിതെളിച്ചിരിക്കുന്നത്.
ക്യാമറ സ്ഥാപിച്ചതിന് കെൽട്രോണിന് ഗഡുക്കളായി പണം നൽകണമെന്ന കരാർ വ്യവസ്ഥ പദ്ധതി അഴിമതി ആരോപണത്തിൽപ്പെട്ട് കേസിൽ കുടുങ്ങിയതോടെ മുടങ്ങി കിടക്കുകയാണ്. ഇതോടെ കെൽട്രോൺ ക്യാമറ പദ്ധതിക്ക് നിയോഗിച്ച ജീവനക്കാരുടെ എണ്ണം വെട്ടി കുറച്ചിരുന്നു. ഇതിനിടയിലാണ് പുതിയ തർക്കവും ഉടലെടുത്തത്. നോട്ടിസ് അയക്കുന്നില്ലെങ്കിൽ എസ്എംഎസ് വഴി പിഴ ചുമത്തൽ വിവരം അറിയിക്കുവാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നീക്കം.
തുടക്കം മുതൽ അഴിമതി ആരോപണങ്ങളിൽ മുങ്ങി കുളിച്ച് കുത്തഴിഞ്ഞ പദ്ധതിയിൽ വിവാദങ്ങളും തർക്കങ്ങളും പരിഹാരമില്ലാതെ തുടരുകയാണ്.