സര്‍ക്കാരിന് കെല്‍ട്രോണിന്റെ മുന്നറിയിപ്പ്; എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ പണം ലഭിച്ചില്ലെങ്കില്‍ കണ്‍ട്രാള്‍ റൂമുകളുമായി മുന്നോട്ടുപോകില്ല

Jaihind Webdesk
Monday, December 25, 2023


സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ പണം ലഭിച്ചില്ലെങ്കില്‍ ഇനി കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെല്‍ട്രോണ്‍. ക്യാമറകള്‍ സ്ഥാപിച്ചതിലെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കെല്‍ട്രോണ്‍ സര്‍ക്കാറിനെ കടുത്ത നിലപാട് അറിയിച്ചത്. നിലവില്‍ ഒരു മാസം ഒരു കോടി രൂപ സ്വന്തം നിലക്ക് കെല്‍ട്രോണ്‍ ചെലവഴിച്ചാണ് പദ്ധതി നടത്തിവരുന്നത്. കൊട്ടിഘോഷിച്ച് റോഡില്‍ പുതിയ ക്യാമറകള്‍ വെച്ചിട്ട് ആറുമാസമായി. എന്നാല്‍ ആദ്യ ഗഡു പോലും കിട്ടിയില്ലെന്ന് കെല്‍ട്രോണ്‍ പറയുന്നു. ഇതുവരെ 100 കോടിയുടെ ചെലാന്‍ പിഴ ഇനത്തില്‍ 14 ജില്ലകളില്‍ നിന്നും കെല്‍ട്രോണ്‍ നല്‍കി. 33 കോടി രൂപ പിഴയായി കഴിഞ്ഞയാഴ്ചവരെ ഖജനാവിലെത്തി. 232 കോടിരൂപയായിരുന്നു കെല്‍ട്രോണിന്റെ ചെലവ്. തവണകളായി സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കുമെന്നായിരുന്നു ധാരണപത്രം. മൂന്ന് മാസത്തിലൊരിക്കല്‍ തുക എന്ന നിലക്കായിരുന്നു ധാരണ. ആദ്യ ഗഡുവമായി നല്‍കേണ്ടിയിരുന്നത് 11.79 കോടിയാണ്. ധാരണപത്രത്തില്‍ പിഴവുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി ഉപകരാര്‍ വെച്ച് പണം നല്‍കാന്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉപകരാറിനെ കുറിച്ച് ഇത് വരെ തീരുമാനമായില്ല. ഇതിനിടെ ക്യാമറാ പദ്ധതിയില്‍ വന്‍ അഴിമതി ആരോപണവും ഉയര്‍ന്നു. പ്രതിപക്ഷം കോടതിയെയും സമീപിച്ചു. സെപ്റ്റംബറില്‍ കെല്‍ട്രോണിന് ആദ്യ ഗഡു നല്‍കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പക്ഷെ ഇതുവരെ ഒരു രൂപ പോലും സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് കെല്‍ട്രോണ്‍ കടുപ്പിക്കുന്നത്. 140 സ്റ്റാഫിനുള്ള ശമ്പളത്തിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തിനും ചെലാന്‍ പ്രിന്റിംഗിനുമായി പണം സ്വന്തം നിലക്കാണ് കൊടുക്കുന്നത്. ഉടന്‍ പണം നല്‍കിയില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുട പ്രവര്‍ത്തനം തന്നെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് കെല്‍ട്രോണ്‍ സര്‍ക്കാറിനെ അറിയിച്ചു.

മറ്റ് പദ്ധതികളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ക്യാമറ പദ്ധതിയുടെ നടത്തിപ്പെന്നും കെല്‍ട്രോണ്‍ പറയുന്നു. കെല്‍ട്രോണ്‍ പണം ആവശ്യപ്പെടുമ്പോള്‍ ആദ്യ ഗഡു തന്നെ കുറക്കാനുള്ള നീക്കവും ഗതാഗതവകുപ്പിനുണ്ട്. 726 ക്യാമറയുടെ പദ്ധതിയില്‍ 692 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതനുസരിച്ച് 9.39 കോടി മതിയെന്നുമാണ് ഒരുമാസം മുമ്പ് വകുപ്പിന് കീഴിലെ ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തത്. ഇതിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ ഗതാഗതമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയായി എഐ ക്യാമറ മാറുകയാണ്.